ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന പ്രഖ്യാപനത്തിന് പിന്നിൽ കോടികളുടെ തട്ടിപ്പും വ്യാപക ചട്ടലംഘനങ്ങളും നടന്നതായി സ്ഥിരീകരിച്ച് ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. ഇന്നലെ പുറത്തുവന്ന കായികവകുപ്പിന്റെ സ്പെഷ്യൽ റിപ്പോർട്ടിലാണ് ഈ നിർണായക വിവരങ്ങളുള്ളത്. മുൻ കായിക മന്ത്രി വി. അബ്ദുറഹിമാന്റെയും സ്പോൺസർമാരുടെയും നേതൃത്വത്തിൽ വലിയ തോതിലുള്ള അഴിമതിയും വിദേശനാണ്യ വിനിമയ ചട്ടലംഘനങ്ങളും നടന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
അർജന്റീന ഫുട്ബോൾ അസോസിയേഷന് (എ.എഫ്.എ) കോടിക്കണക്കിന് രൂപ കൈമാറിയതിനും കരാർ ഒപ്പുവെച്ചതിനും വ്യക്തമായ തെളിവുകളില്ലെന്ന് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ടെൻഡർ നടപടികൾ പാലിക്കാതെ ഏകപക്ഷീയമായാണ് സ്പോൺസർമാരെ കണ്ടെത്തിയത്. ഫിഫ ചട്ടങ്ങളെയും നിയമങ്ങളെയും കാറ്റിൽപ്പറത്തിക്കൊണ്ട് മുന്നോട്ടുപോയ ഈ നീക്കത്തിന് പിന്നിൽ വൻ സാമ്പത്തിക സ്രോതസ്സുകളുടെ പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.
കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ കായിക ആവേശത്തെ ചൂഷണം ചെയ്തുകൊണ്ട് വൻതോതിൽ പണം തട്ടിയെടുക്കാൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദേശനാണ്യ വിനിമയ ചട്ട ലംഘനം എന്നിവ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വിജിലൻസിന്റെയും കേന്ദ്ര ഏജൻസികളുടെയും സമഗ്രമായ അന്വേഷണത്തിന് റിപ്പോർട്ട് ശുപാർശ ചെയ്തിട്ടുണ്ട്. തുടർനടപടികൾക്കായി ഈ നിർണായക റിപ്പോർട്ട് സർക്കാരിന് കൈമാറിയിരിക്കുകയാണ്.