കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി കാലാവസ്ഥാ വകുപ്പ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ ജില്ലാ കളക്ടർമാരുടെ തീരുമാനപ്രകാരം പത്തനംതിട്ട, തൃശൂർ, കോട്ടയം, കാസർകോട്, കോഴിക്കോട്, കണ്ണൂർ, വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് അങ്കണവാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള സ്ഥാപനങ്ങൾക്ക് അതത് കളക്ടർമാർ അവധി നൽകിയത്. എങ്കിലും മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക മുന്നറിയിപ്പ് അനുസരിച്ച് സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് അടക്കമുള്ള ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും മലയോര മേഖലകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങൾക്കായി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്. തുടർച്ചയായ മഴക്കെടുതികളിൽ നിന്ന് രക്ഷനേടാൻ അധികൃതരുടെ ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും തയ്യാറാകേണ്ടതാണ്.