Blog Post

Karanavars > News > rain > ഇടുക്കിയിൽ കനത്ത മഴ: ജാഗ്രത ശക്തമാക്കി കളക്ടർ; ടൂറിസത്തിലും നിർമ്മാണ മേഖലയിലും നിയന്ത്രണം തുടരുന്നു

ഇടുക്കിയിൽ കനത്ത മഴ: ജാഗ്രത ശക്തമാക്കി കളക്ടർ; ടൂറിസത്തിലും നിർമ്മാണ മേഖലയിലും നിയന്ത്രണം തുടരുന്നു

കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ ദുരന്തനിവാരണ വിഭാഗവും ജില്ലാ ഭരണകൂടവും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജില്ലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ടൂറിസം മേഖലയിലും നിർമ്മാണ-ഖനന പ്രവർത്തനങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും ഉള്ള സാധ്യത കണക്കിലെടുത്താണ് ഈ മുൻകരുതലുകൾ.

അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ഇടുക്കിയിലേക്ക് വിനോദസഞ്ചാരികൾ യാത്ര ചെയ്യരുതെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. മൂന്നാർ, വാഗമൺ, തേക്കടി തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഡി.ടി.പി.സിയുടെ കീഴിലുള്ള മറ്റ് ട്രാക്കിംഗ് കേന്ദ്രങ്ങളിലേക്കുമുള്ള സന്ദർശനം പൂർണ്ണമായി വിലക്കിയിരിക്കുകയാണ്. ജില്ലയിൽ നിലവിലുള്ള സഞ്ചാരികൾ സുരക്ഷിതമായ താമസസ്ഥലങ്ങളിൽ തന്നെ തുടരണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഔദ്യോഗിക നിർദ്ദേശമുണ്ട്. ഡാമുകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ബോട്ടിംഗ്, കയാക്കിംഗ്, കുട്ടവഞ്ചി സവാരി തുടങ്ങിയ ജലവിനോടങ്ങളും പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.

കൂടാതെ, സുരക്ഷ മുൻനിർത്തി രാത്രികാല യാത്രാവിലക്കും കർശനമാക്കിയിട്ടുണ്ട്. മലയോര പാതകളിലൂടെയുള്ള രാത്രി യാത്രകൾക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഒഴികെയുള്ള എല്ലാത്തരം ഖനന പ്രവർത്തനങ്ങളും നിർമ്മാണ ജോലികളും താൽക്കാലികമായി നിർത്തിവെക്കാൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. തോട്ടം മേഖലകളിലും മലയോര പാതകളിലും അതീവ ജാഗ്രത പുലർത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പൊതുജനങ്ങൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാൻ താലൂക്ക് തലത്തിലും ജില്ലാ തലത്തിലും പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *