Blog Post

Karanavars > News > Career > രാജ്യത്തെ  കുട്ടികളെ വേദനിപ്പിച്ചാൽ താഴെയിറക്കും: പ്രകാശ് രാജ്

രാജ്യത്തെ  കുട്ടികളെ വേദനിപ്പിച്ചാൽ താഴെയിറക്കും: പ്രകാശ് രാജ്

രാജ്യത്തെ കുട്ടികളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് നിയമനടപടികളും വേട്ടയാടലുകളും നടത്തുന്ന ഭരണകൂട നടപടികൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ ചലച്ചിത്ര താരം പ്രകാശ് രാജ് രംഗത്ത്. കുട്ടികളെ വേദനിപ്പിച്ചാൽ ഈ രാജ്യത്തെ ജനങ്ങൾ വിചാരിച്ചാൽ സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ കഴിയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് പ്രകാശ് രാജിന്റെ പ്രതികരണം.

കുട്ടികൾ ചെറിയതോതിൽ തെറ്റുകൾ പറയുമ്പോഴോ മുതിർന്നവരോട് പരുഷമായി പെരുമാറുമ്പോഴോ അവരെ തിരുത്തുകയാണ് മാതാപിതാക്കൾ ചെയ്യാറുള്ളത് അല്ലാതെ ക്രിമിനൽ കേസുകളോ പോലീസ് നടപടികളോ എടുത്ത് അവരെ ദ്രോഹിക്കാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ വ്യവസ്ഥിതിയുടെ തകർച്ചയും പ്രതിസന്ധികളും കാരണം അസ്വസ്ഥരാകുന്ന വിദ്യാർത്ഥികൾക്ക് നേരെ പോലീസ് അതിക്രമങ്ങളും പെല്ലറ്റ് ഗൺ പ്രയോഗങ്ങളും നടത്തുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു.

വിദ്യാർത്ഥികൾക്കെതിരായ ഇത്തരം നടപടികൾ അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സമൂഹത്തെയും ഒരുപോലെ വേദനിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികൾക്ക് എതിരെയുള്ള ഇത്തരം നടപടികൾ തുടർന്നാൽ ജനങ്ങളും മാതാപിടികളും ഒറ്റക്കെട്ടായി സർക്കാരിനെതിരെ തിരിയുമെന്നും അധികാരത്തിൽ നിന്ന് താഴെയിറക്കാൻ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ ഭാവിയെ തകർക്കുന്ന തരത്തിലുള്ള സമീപനങ്ങളിൽ നിന്ന് അധികാരികൾ പിന്മാറണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു. രാജ്യത്ത് യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടയിലാണ് പ്രകാശ് രാജിന്റെ ഈ പ്രതികരണം ശ്രദ്ധേയമാകുന്നത്.

Leave a comment

Your email address will not be published. Required fields are marked *