കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ ആരോപണവിധേയനായ സി.പി.ഒ എസ്. ശ്രീജിത്തിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടേതാണ് നടപടി. സിയാദിനെ കസ്റ്റഡിയിലെടുത്തപ്പോഴും തുടർന്നുള്ള നടപടിക്രമങ്ങളിലും ഗുരുതരമായ വീഴ്ചകളും അച്ചടക്ക ലംഘനങ്ങളും ഉണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ വകുപ്പുതല നടപടി. സംഭവദിവസം സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും വിശദീകരണം ആവശ്യപ്പെട്ട് മെമ്മോ നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.
കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശിയായ സിയാദ് (39), അയൽവാസിയായ 13-കാരനെ കാണാനില്ലെന്ന പരാതിയെത്തുടർന്നാണ് പൊലീസിന്റെ കസ്റ്റഡിയിലായത്. ജൂൺ 16-ന് രാത്രി ഭാര്യയുടെയും മക്കളുടെയും മുന്നിൽവെച്ച് കസ്റ്റഡിയിലെടുത്ത സിയാദിനെതിരെ പൊലീസ് ജീപ്പിൽ വെച്ച് ക്രൂരമായ മർദ്ദനമുണ്ടായതായി കുടുംബവും ഒപ്പമുണ്ടായിരുന്ന കുട്ടിയും ആരോപിച്ചിരുന്നു. കാണാതായ കുട്ടി പിറ്റേന്ന് രാവിലെ വീട്ടിൽ തിരിച്ചെത്തിയതിനെ തുടർന്നാണ് സിയാദിനെ വിട്ടയച്ചത്.
എന്നാൽ കസ്റ്റഡിയിൽ നിന്ന് മോചിതനായ ശേഷം സിയാദിന് കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും, കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സയിലിരിക്കെ മരണപ്പെടുകയുമായിരുന്നു. പോലീസിന്റെ മർദ്ദനത്തെ തുടർന്ന് സിയാദിന്റെ വാരിയെല്ലിന് ഒടിവുണ്ടാവുകയും അണുബാധ ബാധിക്കുകയുമായിരുന്നുവെന്നാണ് ബന്ധുക്കളുടെ പ്രധാന പരാതി. നിലവിൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘം കേസിൽ ശാസ്ത്രീയ തെളിവുകളും മൊഴികളും ശേഖരിച്ച് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.