Blog Post

Karanavars > News > Court > ഐഷി ഘോഷിന്റെ ജാമ്യമില്ലാ വാറന്റ് റദ്ദാക്കി ഡൽഹി കോടതി

ഐഷി ഘോഷിന്റെ ജാമ്യമില്ലാ വാറന്റ് റദ്ദാക്കി ഡൽഹി കോടതി

എസ്.എഫ്.ഐ. നേതാവും ജെ.എൻ.യു. വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ ഐഷി ഘോഷിന് ഡൽഹി പട്യാല ഹൗസ് കോടതിയുടെ ആശ്വാസ ഉത്തരവ്. 2021-ലെ പ്രതിഷേധ കേസിൽ ഐഷി ഘോഷിനെതിരെ പുറപ്പെടുവിച്ചിരുന്ന ജാമ്യമില്ലാ വാറന്റാണ് (NBW) കോടതി റദ്ദാക്കിയത്. ജൂലൈ 30 വ്യാഴാഴ്ച ഐഷി ഘോഷ് കോടതിയിൽ നേരിട്ട് ഹാജരായതിനെ തുടർന്നാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിജയശ്രീ റാത്തോർ ഈ നിർണായക നടപടി സ്വീകരിച്ചത്. കോടതിയിൽ ഹാജരാകാത്തതിന് 1,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

2021 ഫെബ്രുവരിയിൽ ഡൽഹിയിലെ ബാരക്കാംബ റോഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഈ നടപടി. സർക്കാർ ഉദ്യോഗസ്ഥന്റെ ഉത്തരവ് ലംഘിക്കൽ (ഐ.പി.സി. 188), അനധികൃതമായി സ്ഥലത്ത് പ്രവേശിക്കൽ (ഐ.പി.സി. 447) തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പൊലീസ് അന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മുൻ ഹിയറിങ് ദിവസങ്ങളിൽ ഒഴിവാക്കാനാകാത്ത സാഹചര്യങ്ങൾ മൂലം കോടതിയിൽ ഹാജരാകാൻ സാധിക്കാതിരുന്നതിനെ തുടർന്നാണ് ഡൽഹി പൊലീസ് ജാമ്യമില്ലാ വാറന്റുമായി മുന്നോട്ടുപോയത്.

വാറന്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഷിയുടെ അഭിഭാഷകർ കോടതിയെ സമീപിച്ചതിനെ തുടർന്ന് ബുധനാഴ്ച വാറന്റ് താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. തുടർന്ന് വ്യാഴാഴ്ച ഐഷി ഘോഷ് നേരിട്ട് കോടതിയിൽ ഹാജരാവുകയായിരുന്നു. കേസിന്റെ തുടർനടപടികൾ നവംബർ 21-ലേക്ക് കോടതി മാറ്റിവെച്ചു.

പഴയ കേസുകൾ കുത്തിപ്പൊക്കി വിദ്യാർഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണ് ഡൽഹി പൊലീസും കേന്ദ്ര സർക്കാരും ശ്രമിക്കുന്നതെന്ന് സംഭവത്തിന് പിന്നാലെ ഐഷി ഘോഷ് ആരോപിച്ചു. ഡൽഹിയിലെ സി.പി.ഐ.എം. ആസ്ഥാനമായ എ.കെ.ജി. ഭവനിലേക്ക് പൊലീസ് സംഘം എത്തിയത് വലിയ രാഷ്ട്രീയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. കേസിൽ കൂടുതൽ വാദം കേൾക്കലുകൾ അടുത്ത തിയതികളിൽ നടക്കും.

Leave a comment

Your email address will not be published. Required fields are marked *