കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബവും രംഗത്ത്. അയൽവാസിയായ 13 വയസ്സുകാരനെ കാണാതായതുമായി ബന്ധപ്പെട്ട് ജൂൺ 16-നാണ് കുണ്ടറ പൊലീസ് സിയാദിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. വിദ്യാർത്തിയെ കണ്ടെത്തിയതിനെ തുടർന്ന് അടുത്ത ദിവസം വിട്ടയച്ചെങ്കിലും, കസ്റ്റഡിയിലിരിക്കെ സിയാദിന് പൊലീസിന്റെ ക്രൂരമർദനമേറ്റിരുന്നുവെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.
സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപ്പിലിട്ടും സ്റ്റേഷനിൽവെച്ചും സിയാദിനെ മർദിച്ചുവെന്നും, പരിക്കേറ്റതിനെത്തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ച സിയാദ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടതെന്നും കുടുംബം വ്യക്തമാക്കുന്നു. എന്നാൽ സിയാദിനെ മർദിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാരംഭ വിശദീകരണം.
അതേസമയം, “പപ്പയ്ക്ക് വയ്യാന്ന് നൂറുവട്ടം പറഞ്ഞതല്ലേ സാറേ…” എന്ന് ചോദിച്ചുകൊണ്ട് സിയാദിന്റെ മകൾ എസ്ഐയോട് പൊട്ടിക്കരയുന്നതിന്റെ ഞെട്ടിക്കുന്ന ശബ്ദരേഖകൾ പുറത്തുവന്നത് പൊലീസിന്റെ വാദങ്ങളെ പൂർണ്ണമായും പ്രതിക്കൂട്ടിലാക്കുന്നു. സിയാദിനെ ജീപ്പിലിട്ട് മർദിക്കുന്നത് നേരിട്ട് കണ്ടതായി ദൃക്സാക്ഷികളും വെളിപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡി മർദനമാണ് മരണകാരണമെന്ന ആരോപണം ശക്തമായതോടെ, സംഭവത്തിൽ ആഭ്യന്തര വകുപ്പ് ഡിജിപിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കുണ്ടറ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ മാർച്ചുൾപ്പെടെയുള്ള സമരങ്ങളും ശക്തമായിരിക്കുകയാണ്.