പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിനിടയിൽ കടുത്ത മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബഘേർ ഗലിബഫ് രംഗത്ത്. ഇറാനുമേൽ ഉപരോധം ഏർപ്പെടുത്തി എണ്ണ കയറ്റുമതി തടഞ്ഞാൽ മേഖലയിൽ നിന്ന് മറ്റാരും എണ്ണ കയറ്റുമതി നടത്തില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അമേരിക്കൻ ഭീഷണികൾക്കും ആക്രമണങ്ങൾക്കുമുള്ള മറുപടിയായാണ് ഗലിബഫിന്റെ ഈ പ്രതികരണം.
ഇറാൻറെ സുരക്ഷ ഉറപ്പാക്കപ്പെടാതെയും എണ്ണ വിൽപ്പന സാധ്യമാകാതെയും ഈ മേഖലയിലെ മറ്റുള്ളവർക്കും സുരക്ഷിതമായി എണ്ണ വിൽക്കാൻ കഴിയില്ലെന്ന് ഗലിബഫ് എക്സ് (X) സമൂഹമാധ്യമത്തിലൂടെ മുന്നറിയിപ്പ് നൽകി. “ഈ യുദ്ധത്തിന്റെ സമവാക്യം വ്യക്തമാണ്; ഒന്നുകിൽ എല്ലാവർക്കും, അല്ലെങ്കിൽ ആർക്കും ഇല്ല,” എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. അമേരിക്കൻ സൈന്യം മേഖലയിൽ നിന്ന് പിന്മാറാതെ ഹോർമുസ് കടലിടുക്കിലെ സുരക്ഷയും സാധാരണ നിലയും മടക്കിക്കൊണ്ടുവരാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ ഭീഷണികൾക്ക് പിന്നാലെയാണ് ഇറാൻ ഔദ്യോഗികമായി ഈ നിലപാട് കടുപ്പിച്ചത്. ഇറാനിലെ പവർ പ്ലാന്റുകളും പാലങ്ങളും ആക്രമിക്കുമെന്ന യു.എസ് ഭീഷണിയെ തുടർന്ന്, അമേരിക്കയും സഖ്യകക്ഷികളും തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ തകർത്താൽ പശ്ചിമേഷ്യയിലെ എണ്ണ, ഗ്യാസ് വിതരണം പൂർണ്ണമായും സ്തംഭിപ്പിക്കുമെന്നും ഇറാൻറെ ഖാതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആഗോള വിപണിയിലെ ഊർജ്ജ വിതരണത്തെയും ലോക സാമ്പത്തിക സ്ഥിതിയെയും സാരമായി ബാധിക്കുന്നതാണ് നിലവിലെ സംഭവവികാസങ്ങൾ. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിലും എണ്ണക്കയറ്റുമതിയിലും ഇറാൻ നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ ലോകരാജ്യങ്ങൾ കടുത്ത ആശങ്കയിലാണ്. അമേരിക്കൻ ഇടപെടലുകൾ തുടർന്നാൽ യുദ്ധം കൂടുതൽ വ്യാപകമാകുമെന്ന സൂചനയാണ് ഇറാൻറെ ഉന്നത നേതൃത്വം നൽകുന്നത്.