Blog Post

Karanavars > News > latest news > ഹെഡിന് സെഞ്ചറി; ഇംഗ്ലണ്ടിന് ഇൻജറി!
ഹെഡിന് സെഞ്ചറി;

ഹെഡിന് സെഞ്ചറി; ഇംഗ്ലണ്ടിന് ഇൻജറി!

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ നിഷ്പ്രഭമാക്കി ഓസ്‌ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ്. അഡ്‌ലെയ്ഡ് ഓവലിൽ തന്റെ തകർപ്പൻ ഫോം തുടരുന്ന ഹെഡ്, ഈ ഗ്രൗണ്ടിൽ തുടർച്ചയായ നാലാം സെഞ്ചറി എന്ന അപൂർവ്വ നേട്ടവും സ്വന്തമാക്കി. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 142 റൺസുമായി ഹെഡ് പുറത്താകാതെ നിൽക്കുകയാണ്. ഇതോടെ ഇംഗ്ലണ്ടിന് മേൽ 356 റൺസിന്റെ കൂറ്റൻ ലീഡാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ഹെഡിന്റെ ഈ ഇന്നിങ്സ് ഇംഗ്ലണ്ടിന്റെ പരമ്പര ജയിക്കാനുള്ള അവസാന പ്രതീക്ഷകൾക്കും വലിയ ആഘാതമായി.

99 റൺസിൽ നിൽക്കെ ഹാരി ബ്രൂക്ക് നൽകിയ ലൈഫ് ലൈൻ മുതലെടുത്താണ് ഹെഡ് തന്റെ 11-ാം ടെസ്റ്റ് സെഞ്ചറി പൂർത്തിയാക്കിയത്. ജോ റൂട്ടിനെ ഫോറടിച്ചാണ് താരം സെഞ്ചറി തികച്ചത്. സെഞ്ചറിക്ക് പിന്നാലെ നിലത്തു മുത്തി താരം നടത്തിയ ആഘോഷം ഗാലറിയിലെ ആയിരക്കണക്കിന് ആരാധകരെ ആവേശത്തിലാഴ്ത്തി. സ്റ്റീവ് സ്മിത്ത്, ഡോൺ ബ്രാഡ്മാൻ എന്നിവരടങ്ങുന്ന എലീറ്റ് ക്ലബ്ബിലേക്കാണ് ഹെഡ് ഈ നേട്ടത്തിലൂടെ ഓടിക്കയറിയത്. കഴിഞ്ഞ 10 വർഷത്തിനിടെ ഓസ്‌ട്രേലിയക്ക് വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സെഞ്ചറികൾ നേടുന്ന താരമെന്ന റെക്കോർഡും ഹെഡ് സ്വന്തം പേരിലാക്കി.

ഹെഡിന് പുറമെ 52 റൺസുമായി പുറത്താകാതെ നിൽക്കുന്ന വിക്കറ്റ് കീപ്പർ അലക്സ് ക്യാരിയും ഓസീസിന് കരുത്തായി. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ ഇതുവരെ 122 റൺസ് കൂട്ടിച്ചേർത്തു കഴിഞ്ഞു. ഇംഗ്ലണ്ടിന് വേണ്ടി ജോഷ് ടോങ് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും മറ്റ് ബൗളർമാർക്ക് ഹെഡിനെ തളയ്ക്കാനായില്ല. നാലാം ദിവസം ഓസ്‌ട്രേലിയ ബാറ്റിംഗ് തുടരുമ്പോൾ ഹെഡ് ഡബിൾ സെഞ്ചറി നേടുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. നിലവിലെ സാഹചര്യം വെച്ച് ഇംഗ്ലണ്ടിന് മുന്നിൽ അസാധ്യമായ ലക്ഷ്യമായിരിക്കും ഓസ്‌ട്രേലിയ ഉയർത്തുക.

Leave a comment

Your email address will not be published. Required fields are marked *