കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മുത്തങ്ങ ആദിവാസി ഭൂസമരത്തിനിടെ പൊലീസുകാരനായ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ ആദിവാസി ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. വയനാട് കൽപറ്റ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് സുപ്രധാന വിധി.
എം. ഗീതാനന്ദന് പുറമെ ബിനു, രമേശൻ, അനിൽകുമാർ എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട മറ്റ് പ്രതികൾ. കുറ്റക്കാരായ നാലുപേർക്കും അഞ്ച് വർഷം കഠിന തടവും 10,000 രൂപ വീതം പിഴയും കോടതി വിധിച്ചു. 2003 ഫെബ്രുവരി 19-ന് നടന്ന മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ 23 വർഷങ്ങൾക്ക് ശേഷമാണ് വിചാരണ പൂർത്തിയായി കോടതി അന്തിമ വിധി പ്രസ്താവിക്കുന്നത്.
അതേസമയം, സംഘർഷത്തിനിടെ പൊലീസ് കോൺസ്റ്റബിൾ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ വിചാരണ നേരിട്ട മറ്റു പ്രതികളെല്ലാം വെറുതെയായി. വിനോദിനെ ആക്രമിച്ച മുഖ്യപ്രതി അശോകനാണെന്ന് കോടതി കണ്ടെത്തിയെങ്കിലും, വിചാരണയ്ക്കിടെ ഈ പ്രതി മരണപ്പെട്ടതിനാൽ പ്രത്യേക ശിക്ഷാ നടപടികളിലേക്ക് കടന്നില്ല. ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനെത്തുടർന്നാണ് വധശ്രമക്കേസിലെ മറ്റ് പ്രതികളെ ഒഴിവാക്കിയത്. സിബിഐ അന്വേഷിച്ച കേസിൽ ഇരുപതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ വിധി പുറത്തുവന്നിരിക്കുന്നത്.