കോഴിക്കോട്: ലോകായുക്തക്കെതിരെ പുതിയ ആരോപണം ഉന്നയിച്ച് വീണ്ടും കെ.ടി ജലീല്‍ എം.എല്‍.എ. സിസ്റ്റര്‍ അഭയ കേസിന്‍റെ മൊഴി പകര്‍പ്പ് പങ്കുവെച്ചാണ് ലോകായുക്തക്കെതിരായ ജലീലിന്‍റെ പുതിയ ആരോപണം.
ബാംഗ്ലൂര്‍ ഫോറന്‍സിക് ലാബിലെ ഡോ. എസ്. മാലിനിയുടെ മൊഴിയുടെ പകര്‍പ്പ് ജലീല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
“പാപത്തിന്റെ ശമ്ബളം വരുന്നതേയുള്ളൂ“
അഭയ കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന്റെ സഹോദരന്‍ വിവാഹം കഴിച്ചിരിക്കുന്നത് നമ്മുടെ “കഥാപുരുഷന്‍ ഏമാന്റെ” ഭാര്യയുടെ സഹോദരിയെയാണ്. (ജോമോന്‍ പുത്തന്‍പുരക്കലിനോട് കടപ്പാട്)
തന്റെ ബന്ധു ഉള്‍പ്പടെയുളളവര്‍ നടത്തിയ നാടിനെ ഞെട്ടിച്ച അഭയ എന്ന പാവം കന്യാസ്ത്രീയുടെ ഭീകര കൊലപാതകത്തിലെ പ്രതികളെ നാര്‍ക്കോ ടെസ്റ്റ് നടത്തിയ ബാംഗ്ലൂരിലെ ഫൊറന്‍സിക്ക് ലാബില്‍ അദ്ദേഹം മിന്നല്‍ സന്ദര്‍ശനം നടത്തി.
അതുമായി ബന്ധപ്പെട്ട് അവിടുത്തെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഡോ. എസ്. മാലിനി സി.ബി.ഐ അഡീഷണല്‍ എസ്പി നന്ദകുമാര്‍ നായര്‍ക്ക് നല്‍കിയ മൊഴിയുടെ പൂര്‍ണ്ണ രൂപമാണ് ഇതോടൊപ്പം ഇമേജായി ചേര്‍ക്കുന്നത്. പച്ച നിറത്തില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്ന പാരഗ്രാഫിന്റെ ആദ്യ വാചകത്തിന്റെ മലയാള പരിഭാഷയാണ് താഴെ.
“കര്‍ണാടക ഹൈക്കോടതിയിലെ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് സിറിയക് ജോസഫല്ലാതെ മറ്റാരുമല്ല ബാംഗ്ലൂര്‍ എഫ്‌എസ്‌എല്ലില്‍ ഞങ്ങളെ സന്ദര്‍ശിച്ചത്. കുറ്റക്കാരെന്ന് സംശയിക്കപ്പെട്ട മൂന്നുപേര്‍ ഉള്‍പ്പെടെയുള്ളവരില്‍ (അതയാത് ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി) ഞാന്‍ നടത്തിയ നാര്‍ക്കോ അനാലിസിസിന്റെ വിശദാംശങ്ങള്‍ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തിരുന്നുവെന്ന സത്യം താങ്കളില്‍ ആശ്ചര്യമുളവാക്കിയേക്കാം. ഇത് 30.06.2009ന് ഞാന്‍ താങ്കള്‍ക്ക് നല്‍കിയ മൊഴിയിലുണ്ട്“
തെളിവു സഹിതം ഞാന്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ക്കൊന്നും പ്രതിപക്ഷ നേതാവോ മുന്‍ പ്രതിപക്ഷ നേതാവോ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ വസ്തുതാപരമായി പ്രതികരിച്ചതായി കണ്ടില്ല. ഇക്കാര്യത്തില്‍ ഒരു തുറന്ന സംവാദത്തിന് യു.ഡി.എഫ് നേതാക്കളായ മേല്‍പ്പറഞ്ഞവരില്‍ ആരെങ്കിലും തയ്യാറുണ്ടോ?
എല്ലാ കാര്യത്തിലും അഭിപ്രായം പറയാറുള്ള കോട്ടയം രാഷ്ട്രീയത്തിന്റെ അകവും പുറവും അറിയുന്ന മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് എന്താണ് ഇപ്പോഴും മൗനിയായി തുടരുന്നത്?