കണ്ണൂര്‍: ആയിക്കര മത്സ്യ മാര്‍ക്കറ്റിനടുത്ത് ഹോട്ടലുടമ ജസീറിന്റെ കൊലയുമായി ബന്ധപ്പെട്ട് പ്രതികള്‍ പിടിയിലായത് മണിക്കൂറുകള്‍ക്കകം.
കണ്ണൂര്‍ സിറ്റി പൊലീസിന്റെ നേതൃത്വത്തിലാണ് കേസിലെ രണ്ട് പ്രതികളെയും സംഭവം നടന്ന് ഉടന്‍ പിടികൂടിയത്.
സമീപത്തെ കടകളിലെയടക്കം സി.സി.ടി.വി പരിശോധിച്ചപ്പോള്‍, പ്രതികള്‍ കൃത്യം നടത്തിയതിനുശേഷം ഓടിരക്ഷപ്പെടുന്ന ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉരുവച്ചാല്‍ സ്വദേശി ഹനാന്, ആദികടലായി സ്വദേശി റബീഹ് എന്നിവരെ പിടികൂടുന്നത്. തിങ്കളാഴ്ച അര്‍ധരാത്രി 12.30ഓടെ ആയിക്കര മത്സ്യ മാര്‍ക്കറ്റിനടുത്തായിരുന്നു സംഭവം. പ്രതികള്‍ സംഭവസ്ഥലത്ത് ബൈക്കിലായിരുന്നു ഉണ്ടായിരുന്നത്.
ഈ സമയത്ത് ഇവിടെയെത്തിയ ജസീര്‍ കാര്‍ നിര്‍ത്തിയിടുന്നതുമായി ബന്ധപ്പെട്ട് പ്രതികളുമായി പെട്ടെന്നുണ്ടായ വാക്കുതര്‍ക്കവും കൈയാങ്കളിയുമാണ് കൊലയിലേക്ക് നയിച്ചതെന്ന് സിറ്റി പൊലീസ് മേധാവി ആര്. ഇളങ്കോ അറിയിച്ചു. ഇതില്‍ റബീഹ് ആയുധംകൊണ്ട് ജസീറിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായതെന്ന് പൊലീസ് അറിയിച്ചു.
ഹനാന് മര്‍ദിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്. പ്രതികള്‍ എന്തിന് അര്‍ധരാത്രിയില്‍ ആയുധവുമായി ഇവിടെ എത്തിയെന്നത് അന്വേഷിക്കും. പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നും ആര്. ഇളങ്കോ പറഞ്ഞു.
പ്രതികള്‍ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നതും കൊല മദ്യലഹരിയിലാണോ എന്ന കാര്യവും അന്വേഷണത്തിലാണെന്ന് കമീഷണര്‍ അറിയിച്ചു. ജസീറിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
സംഭവസമയത്ത് കൂടെയുണ്ടായിരുന്ന, ജസീറിന്റെ സുഹൃത്ത് അഭീഷിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ പ്രതികളായവര്‍ ലഹരിക്കടിമകളാണെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
കൊലയില്‍ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോ. ജില്ല കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ഹോട്ടലുകാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ജില്ല അധ്യക്ഷന്‍ കെ. അച്യുതന് അധ്യക്ഷത വഹിച്ചു.