Blog Post

Karanavars > News > Keralam > ഷാനിന്റെ കൊലയ്ക്ക് പിന്നില്‍ മുന്‍ വൈരാഗ്യം, തട്ടിക്കൊണ്ടുപോയ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

ഷാനിന്റെ കൊലയ്ക്ക് പിന്നില്‍ മുന്‍ വൈരാഗ്യം, തട്ടിക്കൊണ്ടുപോയ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

കോട്ടയം: യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ട സംഭവത്തില്‍ നടുക്കം വിട്ടുമാറാതെ കോട്ടയം.

യുവാവിനെ കൊന്ന് മൃതദേഹം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലിട്ടെന്ന വാര്‍ത്ത കേട്ടാണ് തിങ്കളാഴ്ച നഗരം ഉറക്കമുണര്‍ന്നത്. അടുത്തിടെ ഒട്ടേറെ ഗുണ്ടാ ആക്രമണങ്ങളാണ് കോട്ടയത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോമോന്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് വിമലഗിരി സ്വദേശിയായ ഷാന്‍ ബാബുവിന്റെ മൃതദേഹവുമായി ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലെത്തിയത്. പോലീസുകാരെ ബഹളം വെച്ച്‌ വിളിച്ചു വരുത്തിയ ശേഷം ഷാനിനെ താന്‍ കൊലപ്പെടുത്തിയതായി ഇയാള്‍ വിളിച്ചു പറയുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് സംഘം ഷാനിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നാലെ ജോമോനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഞായറാഴ്ച രാത്രി ഒമ്ബതരയോടെയാണ് ഷാനിനെ ജോമോന്‍ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് പറയുന്നത്. ഓട്ടോയിലെത്തിയ ജോമോന്‍ കീഴുംകുന്നില്‍ വെച്ച്‌ ഷാനിനെ ഓട്ടോയിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. തുടര്‍ന്ന് പലയിടങ്ങളിലേക്ക് കൊണ്ടുപോയി. ഇതിനിടെ ക്രൂരമായി മര്‍ദിക്കുകയും ഷാന്‍ കൊല്ലപ്പെടുകയുമായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് ഷാനിന്റെ മൃതദേഹം തോളിലേറ്റി ജോമാന്‍ പോലീസ് സ്റ്റേഷന് മുന്നിലെത്തിയത്. തുടര്‍ന്ന് മൃതദേഹം ഇവിടെ തള്ളിയ ശേഷം ഷാനിനെ കൊലപ്പെടുത്തിയെന്ന് വിളിച്ചു പറയുകയായിരുന്നു.

ഷാനിനെ കാണാതായതിന് പിന്നാലെ ഇയാളുടെ അമ്മ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പോലീസ് യുവാവിനെ കണ്ടെത്താനായി വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിന് ശേഷം മണിക്കൂറുകള്‍ക്കകമാണ് ഷാനിന്റെ മൃതദേഹവുമായി ജോമോന്‍ പോലീസ് സ്റ്റേഷനിലെത്തിയത്.

പ്രതി ജോമോന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ നവംബര്‍ 21-ന് ഇയാളെ കാപ്പാ ചുമത്തി നാടു കടത്തിയിരുന്നു. ഈ വിലക്ക് മറികടന്നാണ് ജോമോന്‍ കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്. സംഭവ സമയത്ത് ഇയാള്‍ കഞ്ചാവും മദ്യവും ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മുന്‍ വൈരാഗ്യമാണ് ഷാനിന്റെ കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സൂര്യന്‍ എന്നയാളും ജോമോനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സൂര്യന്റെ അടുത്ത സുഹൃത്താണ് കൊല്ലപ്പെട്ട ഷാന്‍. അടുത്തിടെ ജോമോന്‍ കോട്ടയത്ത് എത്തിയപ്പോള്‍ സൂര്യനുമായി ചില പ്രശ്നങ്ങളുണ്ടായി. ഇതിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.

Leave a comment

Your email address will not be published. Required fields are marked *