Blog Post

Karanavars > News > latest news > പുന:സംഘടന ഉപേക്ഷിച്ചാല്‍ പ്രവര്‍ത്തനത്തെ ബാധിക്കും- വി.ഡി. സതീശന്‍

പുന:സംഘടന ഉപേക്ഷിച്ചാല്‍ പ്രവര്‍ത്തനത്തെ ബാധിക്കും- വി.ഡി. സതീശന്‍

കോഴിക്കോട്: കേരളത്തിലെ പാര്‍ട്ടി പുനഃസംഘടന ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുവെന്ന് കരുതി പുനഃസംഘടന നടത്താതിരുന്നാല്‍ അത് പ്രവര്‍ത്തനത്തെ മോശമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തകരുടേയും എക്‌സിക്യൂട്ടീവിന്റേയും ഡിസിസി പ്രസിഡന്റുമാരുടേയും വികാരം മാനിച്ചാണ് പുനഃസംഘടന നടപ്പിലാക്കുന്നത്. പുതിയ ഡിസിസി പ്രസിഡന്റുമാര്‍ ചുമതലയേറ്റ സ്ഥലങ്ങളില്‍ പലയിടത്തും 120 മുതല്‍ 150 വരെ ഭാരവാഹികളാണുള്ളത്. ഇത്രയും ആളുകളുമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും സതീശന്‍ പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും പുനഃസംഘടന നടത്തുന്ന രീതി ഉത്തരേന്ത്യയില്‍ ഉണ്ടെന്നും സതീശന്‍ പറഞ്ഞു.

പുനഃസംഘടന നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് സോണിയ ഗാന്ധിയെ കാണുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സതീശന്റെ പ്രതികരണം. മുതിര്‍ന്ന നേതാക്കള്‍ക്ക് പരാതിയുള്ളതായി അറിയില്ല. അവര്‍ ആരോടും പരാതി പറഞ്ഞിട്ടുമില്ല. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിക്കുമെന്നും സതീശന്‍ പറഞ്ഞു.

അതേസമയം, പുനഃസംഘടന സംബന്ധിച്ച് ഉമ്മന്‍ചാണ്ടിക്ക് അസംതൃപ്തിയുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള താരീഖ് അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെ.സി വേണുഗോപാലുമായും ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയിരുന്നു. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനഃസംഘടന വേണ്ടെന്ന നിലപാടാണ് ഗ്രൂപ്പുകള്‍ക്കുമുള്ളത്.

സംഘടനാപരമായ കാര്യങ്ങളില്‍ എല്ലാവരുടേയും അഭിപ്രായങ്ങള്‍ കേള്‍ക്കുകയും പരിഹരിക്കേണ്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയും ചെയ്യുമെന്നും സതീശന്‍ പറഞ്ഞു. അതേസമയം, ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിച്ചപ്പോഴും പിന്നീട് കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചപ്പോഴുമുള്ള തിരിച്ചടികള്‍ മുന്നില്‍ക്കണ്ട് ഒരുമിച്ച് നീങ്ങാനാണ് ഗ്രൂപ്പുകളുടെ തീരുമാനം. എന്നാല്‍ ഇതില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ ഇല്ലെന്നാണ് സതീശന്‍ പ്രതികരിച്ചത്.

കെ റെയില്‍ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സാഡിസ്റ്റ്പ്രയോഗത്തിനും സതീശന്‍ മറുപടി നല്‍കി. മുഖ്യന്ത്രിക്ക് മോദിയുടെ സ്വരമാണ്. തങ്ങളുടെ നയങ്ങള്‍ക്കെതിരേ ആരെങ്കിലും സംസാരിച്ചാല്‍ അവരെ ദേശവിരുദ്ധരാക്കുന്നതാണ് മോദിയുടേയും പിണറായിയുടേയും ശൈലി. അത് ഏകാധിപതിമാരുടെ ലക്ഷണമാണ്. ആ ഭീഷണി വിലപ്പോവില്ലെന്നും തങ്ങള്‍ക്ക് വേണ്ടത് ചോദ്യങ്ങള്‍ക്കുള്ള കൃത്യമായ മറുപടിയാണെന്നും സതീശന്‍ പറഞ്ഞു. കേരളത്തില്‍ ഇത്രയും വലിയ ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ അതില്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കേണ്ടതുണ്ടെന്ന് സതീശന്‍ പറഞ്ഞു.

പാരിസ്ഥിതിക പഠനം നടത്താതെ എങ്ങനെ കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകും. രാത്രി മുഴുവന്‍ മഴ പെയ്താല്‍ പ്രളയം എന്നതാണ് കേരളത്തിന്റെ അവസ്ഥ. അപ്പോള്‍ പാരിസ്ഥിതിക പഠനം നടത്തിയില്ലെന്നത് കുറ്റകരമാണ്. ഇതുപോലൊരു വമ്പന്‍ പദ്ധതിയുമായി മുന്നോട്ട് പോകുമ്പോള്‍ എങ്ങനെയാണ് സാമൂഹികാഘാത പഠനത്തെ ഒഴിവാക്കാന്‍ കഴിയുകയെന്നും സതീശന്‍ ചോദിക്കുന്നു. 2018-ല്‍ 1.24 ലക്ഷം കോടി രൂപ ചെലവ് വരുമെന്ന് നീതി ആയോഗ് പറഞ്ഞ പദ്ധതിക്ക് ഇന്നത്തെ അവസ്ഥയില്‍ 1.50 ലക്ഷം കോടിയുടെ ചെലവ് വരും. ഇത് സാമ്പത്തികമായി തകര്‍ച്ചയിലേക്ക് നയിക്കുമെന്നും സതീശന്‍ വിമര്‍ശിച്ചു.

Leave a comment

Your email address will not be published. Required fields are marked *