Blog Post

Karanavars > News > Keralam > സസ്പെന്‍ഡ് ചെയ്യപ്പെട്ട നേതാക്കള്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണം

സസ്പെന്‍ഡ് ചെയ്യപ്പെട്ട നേതാക്കള്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണം

തിരുവനന്തപുരം: പാര്‍ട്ടി അച്ചടക്കം ലംഘിച്ച്‌ മാധ്യമങ്ങളില്‍ പരസ്യപ്രസ്താവന നടത്തിയതിന് സസ്പെന്‍ഷനിലായ നേതാക്കള്‍ക്ക് കെ.പി.സി.സി നോട്ടീസ് നല്‍കിതുടര്‍നടപടിയെടുക്കാതിരിക്കണമെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കാണിച്ചാണ് നോട്ടീസ്. മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായരെയും കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിനെയുമാണ് അച്ചടക്കലംഘനത്തിന് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തത്.

അതേസമയം, തന്നെ സസ്പെന്‍ഡ് ചെയ്തതിനോട് കെ.പി. അനില്‍കുമാര്‍ രൂക്ഷമായാണ് പ്രതികരിച്ചത്. യോഗ്യതയില്ലാത്ത പലരും ഡി.സി.സി അധ്യക്ഷ സ്ഥാനത്തെത്തിയതായി അനില്‍കുമാര്‍ ആരോപിച്ചു. സസ്പെന്‍ഡ് ചെയ്ത് പേടിപ്പിക്കേണ്ടെന്നും ഡി.സി.സി ഓഫിസില്‍ കയറാന്‍ ആളുകള്‍ ഇനി ഭയക്കുമെന്നും അനില്‍ കുമാര്‍ പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്നവരെ പുറത്താക്കുകയും കൂട്ടിക്കൊടുക്കുന്നവനെയും ഇഷ്ടക്കാരനെയും പാര്‍ട്ടിക്കകത്ത് വെച്ചുചേര്‍ക്കുകയുമാണ് ചെയ്യുന്നത്. പകുതിയിലേറെ പേരും അങ്ങനെ വന്നതാണ്.

തന്‍റെ കൂടി രക്തം കൊടുത്ത് വളര്‍ത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അതില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നുമാണ് കെ. ശിവദാസന്‍ നായര്‍ പ്രതികരിച്ചത്. താന്‍ അച്ചടക്കം ലംഘിച്ചെന്ന് ബോധ്യപ്പെടുത്തിയാല്‍ മാത്രം പരസ്യപ്രതികരണം തിരുത്താം. സദുദ്ദേശപരമായ വിമര്‍ശനം പാടില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയല്ലാതാകും. ഇപ്പോള്‍ പ്രതികരിച്ചത് ഭാവിയില്‍ കുറ്റബോധം തോന്നാതിരിക്കാനാണ്. കെ. സുധാകരനോട് വിയോജിപ്പില്ല. വിമര്‍ശനമുയര്‍ന്നവര്‍ അത് ഉള്‍ക്കൊള്ളാന്‍ തയാറാകണമെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *