Blog Post

Karanavars > News > Keralam > ബസുകള്‍ ഇനി വഴിയില്‍ സര്‍വിസ് മുടക്കില്ല; പകരം സംവിധാനം ഏര്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി

ബസുകള്‍ ഇനി വഴിയില്‍ സര്‍വിസ് മുടക്കില്ല; പകരം സംവിധാനം ഏര്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് സമയത്ത് ബ്രേക്ക് ഡൗണായോ അപകടങ്ങള്‍ കാരണമോ തുടര്‍ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ നിര്‍ദേശം. ബ്രേക്ക് ഡൗണ്‍ സംഭവിച്ചാല്‍ യാത്രക്കാരെ ഒരു കാരണവശാലും 30 മിനിറ്റിലധികം വഴിയില്‍ നിര്‍ത്തരുതെന്നാണ് സി.എം.ഡിയുടെ നിര്‍ദേശം. ഇങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഉടന്‍ തന്നെ പകരം സംവിധാനം ഏര്‍പ്പെടുത്തി യാത്ര ഉറപ്പാക്കും.

ബ്രേക്ക് ഡൗണോ ആക്സിഡന്‍റോ കാരണം ദീര്‍ഘദൂര യാത്രക്കാര്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കി കെ.എസ്.ആര്‍.ടി.സി ബസിനോട് യാത്രക്കാര്‍ക്കുള്ള വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഉടന്‍ തന്നെ പകരം യാത്രാ സൗകര്യം ഒരുക്കുംമുന്‍കൂര്‍ റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയ സര്‍വിസുകള്‍ മുന്നറിയിപ്പില്ലാതെ യാത്ര തുടങ്ങും മുമ്ബ് ക്യാന്‍സല്‍ ചെയ്യുന്നതായുള്ള പരാതിയും ഇനി മുതല്‍ ഉണ്ടാകില്ല. മുന്‍കൂര്‍ റിസര്‍വേഷന്‍ ചെയ്ത സര്‍വിസുകള്‍ മുടക്കം കൂടാതെ തന്നെ നടത്തുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിക്കഴി‍ഞ്ഞു.

യാത്രാക്കിടെ ബ്രേക്ക് ഡൗണോ അപകടമോ ഉണ്ടായാല്‍ കണ്ടക്ടര്‍മാര്‍ അഞ്ചു മിനിറ്റിനകം തന്നെ ഈ വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. അതിന്‍റെ അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും ഉടന്‍ തന്നെ തൊട്ടടുത്ത ഡിപ്പോയില്‍ അറിയിക്കുകയും തുടര്‍ന്ന് 15 മിനിറ്റിനകം പകരം സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും.

ദീര്‍ഘദൂര ബസുകള്‍ സര്‍വിസിനിടയില്‍ ബ്രേക്ക് ഡൗണ്‍ ആകുന്ന സാഹചര്യത്തില്‍ തൊട്ടടുത്ത ഡിപ്പോയില്‍ നിന്നും പകരം ബസ് എടുത്ത് സര്‍വിസ് തുടരാനുള്ള നടപടികള്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും ബന്ധപ്പെട്ട ഡിപ്പോയെ അറിയിച്ച്‌ ലഭ്യമാക്കും.

സര്‍വിസ് നടത്തിയ ബസിന്‍റെ അതേ ക്ലാസില്‍ ഉള്ള ബസ് ലഭ്യമായില്ലെങ്കില്‍ താഴത്തെയോ, മുകളിലത്തെയോ ശ്രേണിയില്‍ ലഭ്യമായ ബസ് ഏതാണോ ലഭിക്കുക അത് ഉപയോ​ഗിച്ച്‌ തൊട്ടടുത്ത ഡിപ്പോ വരെ സര്‍വിസ് തുടരുന്നതിനുള്ള നടപടി സ്വീകരിക്കും. തുടര്‍ന്ന് ബന്ധപ്പെട്ട യൂണിറ്റ് ഓഫിസര്‍മാരെ വിവരം അറിയിച്ച്‌ പകരം സംവിധാനം അടുത്ത ഡിപ്പോയില്‍ നിന്നും ഒരുക്കും. അതിന്‍റെ ഉത്തരവാദിത്തം ആ യൂണിറ്റിലെ ഡി.ടി., .ടി.ഒമാര്‍ക്ക് ആയിരിക്കും.

Leave a comment

Your email address will not be published. Required fields are marked *