Blog Post

Karanavars > News > latest news > നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച്‌ 20ന് തൂക്കിലേറ്റും

നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച്‌ 20ന് തൂക്കിലേറ്റും

ന്യൂഡെല്‍ഹി: ( 05.03.2020) നിയമ തടസങ്ങളെല്ലാം മാറി, നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച്‌ 20ന് തൂക്കിലേറ്റും. രാവിലെ 5.30ന് തൂക്കിലേറ്റാന്‍ ഡെല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചു. ഇതു നാലാം തവണയാണ് കോടതി മരണവാറണ്ട് പുറപ്പെടുവിക്കുന്നത്. എല്ലാ പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പുതിയ വാറണ്ട്. ബുധനാഴ്ച കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്തയുടെ ദയാഹര്‍ജിയും തള്ളിയിരുന്നു. ഇതോടെ നിയമതടസങ്ങളെല്ലാം മാറി.

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഡെല്‍ഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി പ്രതികള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തുപ്രതികളിലൊരാളായ പവന്‍ ഗുപ്ത നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ ദിവസം നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയയുടെ കുടുംബവും രംഗത്തെത്തിയിരുന്നു.

നിയമപരമായ എല്ലാ അവകാശങ്ങളും പ്രതികള്‍ ഉപയോഗിച്ചു കഴിഞ്ഞെന്നും ഇനി നിശ്ചയിക്കുന്ന ദിവസം ശിക്ഷ നടപ്പാവുമെന്നാണ് പ്രതീക്ഷയെന്നും കുടുംബത്തിന്റെ അഭിഭാഷക സീമ ഖുശ്വാഹ പറഞ്ഞു.

നിര്‍ഭയ കേസ് പ്രതികളായ അക്ഷയ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവര്‍ക്കുള്ള വധശിക്ഷ ജനുവരി 22ന് നടത്താനായിരുന്നു ആദ്യം തീരുമാനമാനിച്ചിരുന്നത്. പ്രതികള്‍ പ്രത്യേകം ദയാഹര്‍ജികള്‍ നല്‍കിയതിനാല്‍ പിന്നീട് നാല് തവണ മരണവാറണ്ട് സ്റ്റേ ചെയ്യേണ്ടി വന്നു.

പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച തള്ളിയിരുന്നു. ഇതോടെയാണ് കേസിലെ പ്രതികള്‍ക്കു മുന്നിലെ നിയമപരമായ അവകാശങ്ങളെല്ലാം അവസാനിച്ചത്.

2012 ഡിസംബറിലാണ് ഡെല്‍ഹിയില്‍ ഓടുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി പീഡനത്തിന് ഇരയാകുന്നത്. സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ബസില്‍ വെച്ച്‌ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.

തുടര്‍ന്ന് ചികിത്സയിലിരിക്കെ സിംഗപ്പൂരില്‍ വെച്ച്‌ മരിച്ചു. ആറുപേരാണ് കേസിലെ പ്രതികള്‍. മുഖ്യ പ്രതിയായ റാം സിങ് തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി.

Leave a comment

Your email address will not be published. Required fields are marked *