Blog Post

Karanavars > News > Keralam > ദേവനന്ദയുടെ മരണം; അപായപ്പെടുത്തിയെന്ന സംശയം ബലപ്പെടുന്നു, ബന്ധുക്കള്‍ സംശയം പറഞ്ഞ ആള്‍ നിരീക്ഷണത്തില്‍

ദേവനന്ദയുടെ മരണം; അപായപ്പെടുത്തിയെന്ന സംശയം ബലപ്പെടുന്നു, ബന്ധുക്കള്‍ സംശയം പറഞ്ഞ ആള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് അന്വേഷണ സംഘം. ദേവനന്ദയുടെ അനുജന്‍ ദേവദത്തിനൊപ്പം കളിച്ചുകൊണ്ടിരിക്കെ ഇവരുടെ ബന്ധുക്കളില്‍ ആരോ ഒരാള്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇയാള്‍ കുട്ടിയുമായി പുഴക്കരയിലേക്ക് പോയതാകാം ദേവനന്ദ ബഹളം വയ്ക്കാത്തതെന്നും പൊലീസ് സംശയിക്കുന്നു. ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ സംശയിക്കുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. അയാളെ പൊലീസ് നിരീക്ഷിച്ചു വരികയാണ്. വീടുമായി അടുത്ത ബന്ധമുള്ള ആളായതിനാല്‍ കുട്ടിയുമായി നല്ല അടുപ്പമുള്ളയാളാണ്.

വീടുമായി അടുപ്പമുള്ള ആരെങ്കിലും കുട്ടിയെ എടുത്തുകൊണ്ടുപോയതാകാമെന്ന ബന്ധുക്കളുടെ സംശയത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ നിരീക്ഷിക്കാന്‍ കാരണം. ചെരിപ്പില്ലാതെ പുറത്തിറങ്ങാത്ത കുട്ടി 100 മീറ്ററോളം ദൂരം നടന്ന് ആറ്റിന്‍കരയില്‍ എത്തിയതെങ്ങനെയെന്നതില്‍ ആദ്യംതന്നെ സംശയത്തിന് ഇടയാക്കിയിരുന്നു. വീട്ടില്‍ ഇളയ കുഞ്ഞിനൊപ്പം ഇരിയ്ക്കുന്നതിനിടെയാണ് ദേവനന്ദയെ കാണാതായത്. ദേവനന്ദയുടെ ചെരിപ്പ് ഹാളില്‍ തന്നെ ഉണ്ടായിരുന്നു. ചെരിപ്പിന്റെ മണംപിടിച്ചാണ് പൊലീസിന്റെ ട്രാക്കര്‍ ഡോഗ് റീന വീടിന് പിന്നിലേക്കും അടച്ചിട്ടിരുന്ന അടുത്ത വീടിനടുത്തേക്കും പിന്നെ പുഴയുടെ തീരത്തേക്കും ഓടിയെത്തിയത്. വീടിനെയും കുട്ടിയെയും നന്നായി അറിയുന്ന ഒരാള്‍ കുട്ടിയെ എടുത്തുകൊണ്ടുപോയാല്‍ കുട്ടി ബഹളം വയ്ക്കാനിടയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

അങ്ങനെ കൊണ്ടുപോയതിനാലാകാം ചെരിപ്പ് ഇടാതിരുന്നത്. ചെരിപ്പില്ലാതെ ദുര്‍ഘടമായ വഴിയിലൂടെ കുട്ടി നടന്ന് പുഴയുടെ സമീപത്ത് എത്തില്ലെന്ന ബന്ധുക്കളുടെ സംശയം പൊലീസ് അതീവ ഗൗരവമായി എടുത്തിട്ടുണ്ട്. ബന്ധുക്കളുടെയും കുട്ടിയുടെ മാതാപിതാക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രദേശത്തെ മൊബൈല്‍ ടവര്‍ ഡംപ് ടെസ്റ്റ് നടത്തി. കുട്ടിയെ കാണാതായത് കഴിഞ്ഞ വ്യാഴാഴ്ചയാണെങ്കിലും ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ പ്രദേശത്തുണ്ടായിരുന്നവര്‍ ആരൊക്കെയെന്ന് കണ്ടെത്താനായിരുന്നു ടെസ്റ്റ്. ഇതില്‍ നിന്നും കുട്ടിയുടെ ബന്ധക്കളുടെ മൊബൈല്‍ നമ്ബരുകളും പരിശോധിച്ചു. ഇതില്‍ നിന്നാണ് സംശയമുണ്ടെന്ന് ദേവനന്ദയുടെ അമ്മ ധന്യയും ബന്ധുക്കളും പറയുന്ന ആളടക്കമുള്ള പത്തോളം പേരുടെ നമ്ബരുകള്‍ കണ്ടെത്തിയത്.

എന്നാല്‍ കുറഞ്ഞ സമയംകൊണ്ട് വീട്ടിലേക്ക് കടന്നുവന്നതാരാണെന്നാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്. വീടുമായി ബന്ധമുള്ള എല്ലാവരുടെയും പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. നേരിയ സംശയമുള്ളവരെ മൊഴിയെടുക്കാനെന്ന നിലയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരികയാണ്. നൂറിലധികം പേരുടെ മൊഴി രേഖപ്പെടുത്തിയതില്‍ പൊലീസ് സംശയിക്കുന്ന നാലുപേരുണ്ടെന്നാണ് ലഭിക്കുന്ന സൂചന. കുട്ടിയുടെ തിരോധാനത്തിന് ശേഷം ഇവരുടെ പെരുമാറ്റം, ഫോണ്‍ കാളുകള്‍, പ്രദേശത്തെ സാന്നിദ്ധ്യം എന്നിവയൊക്കെ അന്വേഷണ സംഘം സസൂക്ഷ്മം വിലയിരുത്തുകയാണ്.

Leave a comment

Your email address will not be published. Required fields are marked *