Blog Post

Karanavars > News > Keralam > അഴിമതിക്കേസില്‍ അന്വേഷണം: 8 യുഡിഎഫ്‌ മന്ത്രിമാര്‍ക്കെതിരെ 11 കേസ്‌

അഴിമതിക്കേസില്‍ അന്വേഷണം: 8 യുഡിഎഫ്‌ മന്ത്രിമാര്‍ക്കെതിരെ 11 കേസ്‌

തിരുവനന്തപുരം: വി.കെ.ഇബ്രാഹിംകുഞ്ഞിനു പിന്നാലെ വി.എസ്‌. ശിവകുമാറും വിജിലന്‍സ്‌ കുരുക്കിലായതോടെ അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന യു.ഡി.എഫ്‌ നിര നീളുന്നു. മുന്‍മുഖ്യമന്ത്രി ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ 11 കേസിലാണ്‌ വിജിലന്‍സ്‌ അന്വേഷണം. ഇതില്‍ ചിലതില്‍ മുന്‍മന്ത്രിമാര്‍ പ്രതികളാണ്‌. ചില കേസില്‍ ഗവര്‍ണറുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. ചിലതില്‍ അന്വേഷണ റിപ്പോര്‍ട്ട്‌ കോടതിയുടെ പരിഗണനയിലാണ്.

ഉമ്മന്‍ചാണ്ടിക്കു പുറമെ രമേശ്‌ ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, അടൂര്‍ പ്രകാശ്‌, അനൂപ്‌ ജേക്കബ്‌, കെ ബാബു, വി.കെ.ഇബ്രാഹിംകുഞ്ഞ്‌ എന്നിവരാണ്‌ അന്വേഷണം നേരിടുന്ന മുന്‍മന്ത്രിമാര്‍. വി.എസ്‌ ശിവകുമാറിന്റെ സഹോദരന്‍ തിരുവിതാംകൂര്‍ ദേവസ്വം കമീഷണറായിരുന്ന വി.എസ്‌.ജയകുമാറിനെതിരെയും വിജിലന്‍സ്‌ അന്വേഷണമുണ്ട്‌. ബന്ധുനിയമനം, നെയ്യാറില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ ടൂറിസം കമ്ബനിക്കു നല്‍കി, എന്‍.ശങ്കര്‍റെഡ്ഡിയെ വിജിലന്‍സ്‌ ഡയറക്ടറായി നിയമിച്ചു എന്നിവയിലാണ്‌ രമേശ്‌ ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണം നടക്കുന്നത്‌. ബന്ധുനിയമനത്തിലും കണ്ണൂര്‍ വിമാനത്താവളനിര്‍മാണ ക്രമക്കേടിലുമാണ്‌ ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം. ഇതില്‍ ചെന്നിത്തലയുടെ പങ്കും അന്വേഷിക്കുന്നുണ്ട്‌.

ബാര്‍ കോഴ, അനധികൃത സ്വത്തുസമ്ബാദനം എന്നീ കേസുകളിലാണ്‌ കെ.ബാബുവിനെതിരെ അന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. എറണാകുളം പുത്തന്‍വേലിക്കര, തൃശൂര്‍ മടത്തുംപടി എന്നിവിടങ്ങളില്‍ 127 ഏക്കര്‍ നെല്‍വയലിന്‌ മിച്ചഭൂമിയില്‍ ഇളവുനല്‍കാന്‍ ഒത്താശ ചെയ്‌ത പരാതിയിലാണ്‌ പി.കെ.കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ്‌ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ നല്‍കിയത്‌. റേഷന്‍ ഡിപ്പോ അനുവദിച്ച മറ്റൊരു കേസും അടൂര്‍ പ്രകാശിനെതിരെ അന്വേഷണമുണ്ട്‌. അനധികൃത സ്വത്തുസമ്ബാദനം, സ്വകാര്യ മെഡിക്കല്‍ കോളേജിന്‌ വഴിവിട്ട്‌ എന്.‍.സി നല്‍കി എന്നീ പരാതികളിലാണ്‌ ശിവകുമാറിനെതിരെ അന്വേഷണം. ഇതില്‍ അനധികൃതസ്വത്ത്‌ സമ്ബാദിച്ചെന്ന പരാതിയിലാണ്‌ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്‌.

റേഷന്‍ സാധനങ്ങള്‍ മറിച്ചുവിറ്റതിന്‌ അനൂപ്‌ ജേക്കബ്ബിനെതിരെയും ബന്ധുനിയമനം നടത്തിയതിന്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെതിരെയും അന്വേഷണം നടക്കുന്നുണ്ട്‌. ടൈറ്റാനിയം അഴിമതിക്കേസിലും ഉമ്മന്‍ചാണ്ടി, വി.കെ.ഇബ്രാഹിംകുഞ്ഞ്‌ എന്നിവര്‍ക്കെതിരെ വിജിലന്‍സ്‌ അന്വേഷണം നടന്നിരുന്നു. കേസ്‌ സി.ബി.ഐക്ക്‌ വിട്ടിരിക്കുകയാണ്‌. ഇതില്‍ രമേശ്‌ ചെന്നിത്തലയ്‌ക്കെതിരെയും ആരോപണമുണ്ട്‌.

Leave a comment

Your email address will not be published. Required fields are marked *