Blog Post

Karanavars > News > Keralam > കാഴ്‌ചയില്‍ പഞ്ചപാവങ്ങള്‍ മുഖത്തു പോലും നോക്കില്ല, പക്ഷേ മോഷണത്തിനിടെ എതിര്‍ത്താല്‍ കൊല്ലും: സൂക്ഷിക്കുക ‘ശിക്കാരി ഗ്യാംഗ്’ കേരളത്തിലെത്തിയിട്ടുണ്ട്

കാഴ്‌ചയില്‍ പഞ്ചപാവങ്ങള്‍ മുഖത്തു പോലും നോക്കില്ല, പക്ഷേ മോഷണത്തിനിടെ എതിര്‍ത്താല്‍ കൊല്ലും: സൂക്ഷിക്കുക ‘ശിക്കാരി ഗ്യാംഗ്’ കേരളത്തിലെത്തിയിട്ടുണ്ട്

തിരുവനന്തപുരം: കാഴ്ചയില്‍ പഞ്ചപാവം. മുഖത്തു പോലും നോക്കില്ല. പകല്‍ മുഴുവന്‍ ഉറക്കം. ഇരുട്ടിയാല്‍ നിറം മാറും. നേരത്തേ നോക്കിവച്ച വീടുകളില്‍ അര്‍ദ്ധരാത്രി കവര്‍ച്ച. എതിര്‍ത്താല്‍ കൊല്ലും. കേരളത്തിന്റെ ഉറക്കം കെടുത്താന്‍ ബംഗ്ലാദേശില്‍ നിന്നെത്തിയ ശിക്കാരി ഗ്യാംഗ് ആണിത്. തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമക്കാരെ വെല്ലുന്ന മറ്റൊരു കവര്‍ച്ചാ സംഘം.

കണ്ണൂരില്‍ മാദ്ധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ മാസങ്ങള്‍ക്കുമുമ്ബ് കൊള്ള നടത്തിയ മുഹമ്മദ് ഇല്യാസി ശിക്കാരി കഴിഞ്ഞ ദിവസം വലയിലായപ്പോഴാണ് ശിക്കാരി ഗ്യാംഗാണ് പിന്നിലെന്ന് പൊലീസ് അറിയുന്നത്. സംഘത്തലവനാണിയാള്‍. 60 പവനും അമ്ബതിനായിരത്തോളം രൂപയുമാണ് അന്ന് മോഷ്ടിച്ചത്.

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കൊല്‍ക്കത്ത ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായ ഇല്യാസിയെ അവരാണ് കേരള പൊലീസിന് കൈമാറിയത്. കൈയിലും കാലിലും വിലങ്ങണിയിച്ചാണ് ഇയാളെ കണ്ണൂരിലെത്തിച്ചത്. കണ്ണൂരിലെ കവര്‍ച്ചയ്ക്കുശേഷം ഹൗറയിലെത്തിയ പ്രതികള്‍ ഹരിദാസ്പുര്‍ ചെക്‌പോസ്റ്റ് വഴിയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. നാലംഗ സംഘത്തിലെ ഇല്യാസി ഒഴികെയുള്ളവര്‍ ഓടി രക്ഷപ്പെട്ടു.

ബംഗ്ലാ റോബേഴ്സ് എന്നും വിളിപ്പേരുള്ള സംഘം ബംഗ്ലാദേശിലെ ബാഗര്‍ഹട്ട് ജില്ല കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എറണാകുളം, കോഴിക്കോട് ജില്ലകളിലും സംഘം ഇതിനകം കവര്‍ച്ച നടത്തിക്കഴിഞ്ഞു. കേരളത്തിലെ ഓപ്പറേഷന്‍ കഴിഞ്ഞാല്‍ സംഘം നാട്ടിലേക്ക് കടക്കും. സംഘത്തിലെ മണിക് സാദര്‍ ശിക്കാരി കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാക്കനാട്ടെ ജയിലിലേക്ക് കൊണ്ടുപോകും വഴി ട്രെയിനില്‍ നിന്ന് കൈയാമത്തോടെ രക്ഷപ്പെട്ടെങ്കിലും പിറ്റേ ദിവസം പിടിയിലായി. മറ്റൊരാള്‍ ജാമ്യത്തിലിറങ്ങി രക്ഷപ്പെട്ടു.

കര്‍ണാടകയിലെ അശോക് നഗര്‍, മദ്ധ്യപ്രദേശിലെ ജബല്‍പൂര്‍, ഡല്‍ഹി, സീമാപുരി എന്നിവിടങ്ങളിലും സംഘം സജീവമാണ്. എങ്കിലും കേരളമാണ് പ്രിയം. വന്‍ കൊള്ളയ്ക്ക് കൂടുതല്‍ സാദ്ധ്യത കേരളമാണെന്ന് ഇല്യാസി പൊലീസിനോട് പറഞ്ഞു. ഹിന്ദിയും ബംഗാളിയും ഇംഗ്ലീഷും പച്ച വെള്ളം പോലെയാണിയാള്‍ക്ക്.

നോട്ടം ട്രാക്കിനു സമീപത്തെ വീടുകള്‍

റെയില്‍വേ ട്രാക്കിനു പരിസരത്തെ വീടുകളാണ് ഇവര്‍ കൂടുതലും ലക്ഷ്യം വയ്ക്കുന്നത്. ട്രെയിന്‍ പോകുന്ന സമയം ഇവര്‍ ചോദിച്ചറിയും. ട്രെയിനിന്റെ ശബ്ദം മറയാക്കി ഓപ്പറേഷന്‍ നടത്തി തിരിച്ചെത്തി ട്രെയിനില്‍ നാടുകടക്കും. പണവും സ്വര്‍ണവും മാത്രമല്ല ഇലക്‌ട്രോണിക് ഉപകരണങ്ങളും പൊക്കും. പണം അപ്പോള്‍ തന്നെ എ.ടി.എം വഴി നാട്ടിലേക്കയയ്ക്കും.

ശിക്കാരികള്‍ക്കെതിരെ മോഷണക്കേസുകള്‍

എറണാകുളം: 4

കോഴിക്കോട്: 3

കണ്ണൂര്‍: 4

സംഘം ആറ് വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഇവരെ പിടികൂടുന്നത് വലിയ റിസ്‌കാണ്. അന്വേഷിച്ച്‌ അവരുടെ നാട്ടിലെത്തിയാല്‍ ആരും ഒരു വിവരവും തരില്ല. ഒരു ഓപ്പറേഷന്‍ കഴിഞ്ഞാല്‍ ആറു മാസം കഴിഞ്ഞായിരിക്കും പലപ്പോഴും തിരിച്ചു വരിക

പി.പി. സദാനന്ദന്‍,

ഡിവൈ.എസ്.പി, കണ്ണൂര്‍ ടൗണ്‍

Leave a comment

Your email address will not be published. Required fields are marked *