Blog Post

Karanavars > News > Career > LPST സമരം : പൊളിച്ച പന്തൽ വീണ്ടും കെട്ടി; എൽപിഎസ്ടി സമരക്കാർക്കും ഡിവൈഎഫ്ഐ നേതാക്കൾക്കുമെതിരെ വീണ്ടും കേസ്

LPST സമരം : പൊളിച്ച പന്തൽ വീണ്ടും കെട്ടി; എൽപിഎസ്ടി സമരക്കാർക്കും ഡിവൈഎഫ്ഐ നേതാക്കൾക്കുമെതിരെ വീണ്ടും കേസ്

സെക്രട്ടേറിയറ്റിന് മുന്നിൽ 130 ദിവസമായി സമരം തുടരുന്ന ലോവർ പ്രൈമറി സ്കൂൾ ടീച്ചർ (എൽപിഎസ്ടി) റാങ്ക് ഹോൾഡേഴ്സിനും സമരത്തിന് പിന്തുണയുമായെത്തിയ ഡിവൈഎഫ്ഐ നേതാക്കൾക്കുമെതിരെ പൊലീസ് വീണ്ടും കേസെടുത്തു. ഇന്നലെ രാത്രി പൊലീസ് ബലമായി പൊളിച്ചുമാറ്റിയ സമരപ്പന്തൽ മണിക്കൂറുകൾക്കകം ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വീണ്ടും കെട്ടിയതിനാണ് കന്റോൺമെന്റ് പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. പന്തൽ കെട്ടി ഗതാഗത തടസ്സമുണ്ടാക്കിയെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ അന്യായമായി സംഘം ചേർന്നെന്നുമാണ് എഫ്ഐആറിലെ പ്രധാന ആരോപണങ്ങൾ.

കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയാണ് പൊലീസെത്തി സമരസമിതിയുടെ പന്തൽ ബലമായി പൊളിച്ചുമാറ്റിയത്. നടപ്പാത കൈയേറി സ്ഥാപിച്ച സ്ഥിരം പന്തൽ നീക്കണമെന്ന് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നേരത്തെ നോട്ടീസ് നൽകിയിരുന്നതായും കോടതി അലക്ഷ്യ നടപടികൾ ഒഴിവാക്കാനാണ് പന്തൽ പൊളിച്ചതെന്നുമാണ് സിറ്റി പൊലീസ് കമ്മീഷണർ അരുൺ ബി. കൃഷ്ണയുടെ വിശദീകരണം. പന്തൽ പൊളിച്ചതിനൊപ്പം, 17 ദിവസമായി നിരാഹാര സമരം നടത്തിവന്നിരുന്ന സമരസമിതി നേതാവ് എസ്. വളർമതിയെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

എന്നാൽ, പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഡിവൈഎഫ്ഐ പ്രവർത്തകർ ടാർപോളിൻ വലിച്ചുകെട്ടി താൽക്കാലിക സമരപ്പന്തൽ പുനഃസ്ഥാപിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എൽ.എസ്. ലിജു, പ്രസിഡന്റ് വി.എസ്. ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗം അനൂപ്, നേതാക്കളായ വി. മനു, പി. സുധീർ, വിഷ്ണു എന്നിവർക്കും കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെ കേസെടുത്തത്. കൂടാതെ, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് യുവമോർച്ച, ബിജെപി പ്രവർത്തകർക്കെതിരെയും പ്രത്യേക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നിലവിൽ ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്ന വളർമതി, വാർഡിലേക്ക് മാറ്റാതെ ചികിത്സ സ്വീകരിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. വളർമതിക്ക് പകരമായി ഉദ്യോഗാർഥിയായ എം. ജയകൃഷ്ണൻ നിരാഹാര സമരം ഏറ്റെടുത്തു. എൽപി സ്കൂൾ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാറായിട്ടും മതിയായ നിയമനങ്ങൾ നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗാർഥികൾ തലമുണ്ഡനം ചെയ്തതടക്കം പ്രതിഷേധം കടുപ്പിച്ചത്. പൊലീസ് നടപടിയിലും കേസുകളിലും പ്രതിഷേധിച്ച് ഇന്ന് ഡിവൈഎഫ്ഐയും യുവമോർച്ചയും സെക്രട്ടേറിയറ്റിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നത് വരെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഉദ്യോഗാർഥികൾ.

Leave a comment

Your email address will not be published. Required fields are marked *