Blog Post

Karanavars > News > Keralam > പാങ്ങപ്പാറ കൊലപാതകം: ഉമറിന്റെ പെൺസുഹൃത്ത് ഐശ്വര്യ കസ്റ്റഡിയിൽ; അഭിറാം വധത്തിൽ കൂടുതൽ പേർക്ക് പങ്ക്

പാങ്ങപ്പാറ കൊലപാതകം: ഉമറിന്റെ പെൺസുഹൃത്ത് ഐശ്വര്യ കസ്റ്റഡിയിൽ; അഭിറാം വധത്തിൽ കൂടുതൽ പേർക്ക് പങ്ക്

തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥിയായ എം.ഡി. അഭിറാമിനെ (17) ക്രൂരമായി കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച കേസിൽ അന്വേഷണം കൂടുതൽ വിവരങ്ങളിലേക്ക് വഴിതിരിയുന്നു. കേസിൽ രണ്ടാം പ്രതിയും ഗുണ്ടയുമായ ഉമർ മുഫ്തറിന്റെ പെൺസുഹൃത്ത് ആക്കുളം സ്വദേശി ഐശ്വര്യയെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു. കൊലപാതകത്തെക്കുറിച്ചും അതിനുശേഷമുള്ള തെളിവ് നശിപ്പിക്കലിനെക്കുറിച്ചും വ്യക്തമായ വിവരമുണ്ടായിരുന്നതിനാലും പ്രതികളെ സഹായിച്ചെന്ന സംശയത്തിലുമാണ് പോലീസ് ഐശ്വര്യയെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തത്.

പ്രണയപ്പകയും വ്യക്തിവൈരാഗ്യവുമാണ് തിരുവനന്തപുരത്തെ നടുക്കിയ ഈ അരുംകൊലയ്ക്ക് പിന്നിൽ. കേസിൽ ഒന്നാം പ്രതിയായ 17-കാരനെയും രണ്ടാം പ്രതി ഉമറിനെയും മൂന്നാം പ്രതി ആനന്ദയെയും (18) പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 17-കാരനായ പ്രതിയെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റിയപ്പോൾ ഉമറും ആനന്ദയും നിലവിൽ റിമാൻഡിലാണ്.

പോലീസ് നൽകുന്ന സൂചനയനുസരിച്ച്, ഒന്നാം പ്രതിയായ 17-കാരന്റെ യഥാർത്ഥ ലക്ഷ്യം അഭിറാമിന്റെ മറ്റൊരു സുഹൃത്തായിരുന്നു. മൂന്നാം പ്രതി ആനന്ദയുടെ ഫോൺ ഉപയോഗിച്ച് ഇൻസ്റ്റഗ്രാം വഴി അഭിറാമിനെ പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെവെച്ച് അഭിറാമിനെ ഭീഷണിപ്പെടുത്തി ആ സുഹൃത്തിനെക്കൂടി വിളിച്ചുവരുത്താൻ ശ്രമിച്ചെങ്കിലും അതിന് വഴങ്ങാതിരുന്നതോടെ തർക്കമുണ്ടാവുകയും, തുടർന്ന് ചവിട്ടിവീഴ്ത്തിയ ശേഷം ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകത്തിന് ശേഷം മൃതദേഹം കുറ്റിക്കാട്ടിൽ ചാക്കിൽ കെട്ടി ഉപേക്ഷിക്കാനും തെളിവുകൾ നശിപ്പിക്കാനും ഉമറിനെ വിളിച്ചുവരുത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ഫോൺ കോൾ സന്ദേശങ്ങളും കേന്ദ്രീകരിച്ച് നടത്തിയ 16 അംഗ പ്രത്യേക അന്വേഷണസംഘത്തിന്റെ ഊർജ്ജിതമായ തെരച്ചിലാണ് മണിക്കൂറുകൾക്കകം പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്. കൊലപാതകത്തിൽ നേരിട്ടും അല്ലാതെയും ഇനിയും കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അറിയാൻ കസ്റ്റഡിയിലുള്ള പെൺകുട്ടിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Leave a comment

Your email address will not be published. Required fields are marked *