പ്രവാസ ലോകത്തെ ഏറെ പിടിച്ചുകുലുക്കിയ ഖത്തർ കെഎംസിസി (KMCC) ഓഫീസിലെ എട്ട് കോടിയിലധികം രൂപയുടെ സ്ട്രോങ് റൂം കവർച്ചാ കേസിൽ നിർണായക വഴിത്തിരിവ്. കേസിന്റെ പ്രധാന ആസൂത്രകരെന്ന നിലയിൽ ആരോപണവിധേയരായ ‘റൊട്ടാന റസാഖ്’ എന്ന കുന്നുമ്മൽ അബ്ദുൽ റസാഖ്, അദ്ദേഹത്തിന്റെ സഹോദരനും കേസിലെ അഞ്ചാം പ്രതിയുമായ കുന്നുമ്മൽ ഹസ്സൻ എന്ന അസൈനാർ എന്നിവർ ഉൾപ്പെടെയുള്ളവർ വിദേശത്തേക്ക് കടന്നുകളഞ്ഞു. ഇതിനെ തുടർന്ന് കവർച്ച സംഘത്തിലെ പ്രധാന പ്രതികൾക്കെതിരെ ഇന്നലെ കേരള പോലീസ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു.
ഖത്തറിലെ അൽ തുമാമയിലുള്ള കെഎംസിസി ഓഫീസിന്റെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് 31 ലക്ഷം ഖത്തർ റിയാൽ (ഏകദേശം 8.6 കോടി ഇന്ത്യൻ രൂപ) മോഷണം നടത്തിയത്. സംഘടനാംഗങ്ങളുടെ ക്ഷേമനിധി ആവശ്യങ്ങൾക്കായി സമാഹരിച്ചതായിരുന്നു ഈ തുക. കവർച്ചയ്ക്ക് ശേഷം വിദേശത്തേക്ക് കടന്ന കേസിലെ മറ്റൊരു പ്രധാന പ്രതിയായ കൊയിലാണ്ടി സ്വദേശി പരപ്പിൽ ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പോലീസിൽ കീഴടങ്ങിയതോടെയാണ് ആസൂത്രണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
കേസിൽ കൊയിലാണ്ടി സ്വദേശി ബോംബെ ഷാജി (ഷാജഹാൻ), അസൈനാർ (കുന്നുമ്മൽ ഹസ്സൻ), റൊട്ടാന റസാഖ്, പറയത്ത് അബ്ദുൽ നിസാർ തുടങ്ങിയ നാല് പ്രധാനികൾക്കെതിരെയാണ് പോലീസ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. കേസിൽ പങ്കുണ്ടെന്ന ആക്ഷേപം ഉയർന്നതോടെ സ്പോർട്സ് വിങ് ഭാരവാഹികൂടിയായ റൊട്ടാന റസാഖിനെ മുസ്ലിം ലീഗ്, കെഎംസിസി സംഘടനകളുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പാർട്ടി നേതൃത്വം പുറത്താക്കിയിരുന്നു.
പ്രതികൾ വിദേശത്തേക്ക് രക്ഷപ്പെട്ടതിനെ തുടർന്ന് സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കാൻ കൊയിലാണ്ടി പോലീസും മറ്റ് അന്വേഷണ സംഘങ്ങളും നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും പ്രധാന അതിർത്തി കേന്ദ്രങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ കൂടുതൽ വൻതോതിലുള്ള ഗൂഢാലോചനകൾ നടന്നിട്ടുണ്ടോ എന്ന കാര്യത്തിലും പോലീസ് വിശദമായ പരിശോധന തുടരുകയാണ്.