Blog Post

Karanavars > News > Keralam > സെക്രട്ടറിയേറ്റ് മാർച്ച്: വളർമതി അടക്കം 50 എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾക്കെതിരെ കേസ്

സെക്രട്ടറിയേറ്റ് മാർച്ച്: വളർമതി അടക്കം 50 എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾക്കെതിരെ കേസ്

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന എൽ.പി.എസ്.ടി (L.P.S.T) റാങ്ക് ഹോൾഡേഴ്‌സിൻ്റെ പ്രതിഷേധത്തിന് നേരെ കടുത്ത നടപടിയുമായി കന്റോൺമെന്റ് പോലീസ്. സെക്രട്ടറിയേറ്റ് മെയിൻ ഗേറ്റിന് സമീപം അനുമതിയില്ലാതെ പ്രതിഷേധ ജാഥ നടത്തിയതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്ന് ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, സമരസമിതി കൺവീനർ വളർമതിയെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 50 ഓളം ഉദ്യോഗാർത്ഥികൾക്കെതിരെയും പേര് തിരിച്ചറിഞ്ഞ 8 പേർക്കെതിരെയും കേസ് ചുമത്തിയിട്ടുണ്ട്.

എൽ.പി.എസ്.ടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മാസങ്ങളായി തലസ്ഥാനത്ത് സമരം തുടരുകയാണ് റാങ്ക് ഹോൾഡേഴ്‌സ്. കഴിഞ്ഞ ദിവസങ്ങളിൽ സമരത്തിന്റെ ഭാഗമായി കൺവീനർ വളർമതി തല മുണ്ഡനം ചെയ്ത് നിരാഹാര സമരം ആരംഭിച്ചത് വലിയ ജനശ്രദ്ധയും വാർത്താ പ്രാധാന്യവും നേടിയിരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നും അവഗണന തുടരുന്നുവെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ഉദ്യോഗാർത്ഥികൾക്കെതിരെ പോലീസ് നടപടി കടുപ്പിച്ചിരിക്കുന്നത്. വിദ്യാർത്ഥി-അധ്യാപക അനുപാതം പുനർനിശ്ചയിച്ച് ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്നും അർഹരായ ഉദ്യോഗാർത്ഥികൾക്ക് ഉടൻ നിയമനം നൽകണമെന്നുമാണ് സമരസമിതിയുടെ പ്രധാന ആവശ്യം. പോലീസിന്റെ ഭാഗത്തുനിന്നും കേസ് ഉണ്ടായെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കും വരെ പ്രതിഷേധത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഉദ്യോഗാർത്ഥികൾ.

Leave a comment

Your email address will not be published. Required fields are marked *