Blog Post

Karanavars > News > Economy > ചരിത്രത്തിലാദ്യമായി റബർ വില 300 തൊട്ടു!

ചരിത്രത്തിലാദ്യമായി റബർ വില 300 തൊട്ടു!

സംസ്ഥാനത്തെ കാർഷിക മേഖലയ്ക്ക് ഏറെ ആശ്വാസവും സന്തോഷവും പകരുന്ന ചരിത്രപരമായ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ച് മലനാട്. ആഭ്യന്തര വിപണിയിൽ ചരിത്രത്തിലാദ്യമായി ആർ.എസ്.എസ്-4 (RSS-4) ഗ്രേഡ് റബറിന്റെ വില കിലോയ്ക്ക് 300 രൂപ എന്ന മാജിക് നമ്പർ തൊട്ടു. കോട്ടയത്തെ പ്രധാന വിപണികളിൽ വ്യാപാരികൾ വെള്ളിയാഴ്ച ഷീറ്റ് റബറിന് 300 രൂപ നൽകിയാണ് സംഭരണം നടത്തിയത്. റബർ ബോർഡിന്റെ ഔദ്യോഗിക വില റെക്കോർഡ് തലത്തിൽ 298 രൂപ രേഖപ്പെടുത്തിയെങ്കിലും, പഴയ ഓർഡറുകൾ പൂർത്തിയാക്കാനും ആവശ്യത്തിന് ചരക്ക് ലഭിക്കാനും വ്യാപാരികൾ ഉയർന്ന വില നൽകാൻ തയ്യാറാവുകയായിരുന്നു.

വർഷങ്ങളായി കടുത്ത പ്രതിസന്ധിയിലായിരുന്ന മലയോര കർഷകർക്ക് വലിയ ഊർജ്ജമാണ് ഈ വിലക്കയറ്റം നൽകുന്നത്. കോട്ടയം പൂഞ്ഞാറിലെ പ്രമുഖ റബർ കർഷകനായ റോയി മാത്യുവും പാലായിലെ റബർ വ്യാപാരിയായ മാത്യു ജോസഫും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നത് വർഷങ്ങൾക്ക് ശേഷം വിപണിയിൽ ദൃശ്യമായ ഈ ആവേശം കർഷകരുടെ പ്രതീക്ഷകൾ വീണ്ടെടുത്തു എന്നാണ്. ഈ വർഷം തുടക്കത്തിൽ 192 രൂപ മാത്രമുണ്ടായിരുന്ന സ്ഥാനത്തുനിന്നാണ് ഒൻപത് മാസത്തിനിടെ 108 രൂപയിലേറെ വർധിച്ച് വില 300 രൂപയിലേക്ക് കുതിച്ചെത്തിയത്.

ആഭ്യന്തര വിപണിയിൽ റബറിനുണ്ടായ വലിയ ലഭ്യതക്കുറവാണ് വില ഈ രീതിയിൽ ഉയരാൻ പ്രധാന കാരണം. നിലവിൽ രാജ്യത്ത് 5.22 ലക്ഷം മെട്രിക് ടൺ റബറിന്റെ കടുത്ത ക്ഷാമമുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിനുപുറമേ, കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് പെയ്യുന്ന അപ്രതീക്ഷിത മഴ മൂലം തോട്ടങ്ങളിൽ ടാപ്പിംഗ് തടസ്സപ്പെട്ടതും ഉത്പാദനത്തെ ബാധിച്ചു. രാജ്യാന്തര തലത്തിലെ പ്രതിസന്ധികളും വിപണിക്ക് അനുകൂലമായി മാറുകയായിരുന്നു. തായ്‌ലൻഡ് ഉൾപ്പെടെയുള്ള മുൻനിര ഉത്പാദക രാജ്യങ്ങളിൽ പ്രതികൂല കാലാവസ്ഥ മൂലം ഉത്പാദനം കുറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് കപ്പൽ ചരക്കുനീക്കം തടസ്സപ്പെട്ടതും കണ്ടെയ്നർ വാടക ഉയർന്നതും കാരണം ടയർ കമ്പനികൾക്ക് വിദേശത്തുനിന്ന് കുറഞ്ഞ ചെലവിൽ റബർ ഇറക്കുമതി ചെയ്യാനും സാധിക്കുന്നില്ല. കൂടാതെ, ക്രൂഡ് ഓയിൽ വില വർധിച്ചതോടെ സിന്തറ്റിക് റബറിന്റെ നിർമ്മാണച്ചെലവ് ഉയർന്നതും സ്വാഭാവിക റബറിന് പ്രിയമേറ്റി.

വില 300 കടന്നതോടെ വർഷങ്ങളായി വെട്ടാതെ ഇട്ടിരുന്ന തോട്ടങ്ങളിൽ പോലും കർഷകർ ടാപ്പിംഗ് പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ഉത്പാദനച്ചെലവും വളത്തിന്റെ വിലയും വർധിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ വില 300 ലേക്ക് എത്തിയത് മലയോര കർഷകരുടെ ജീവിതത്തിൽ വലിയ ആശ്വാസമാണ് പകരുന്നത്.

Leave a comment

Your email address will not be published. Required fields are marked *