ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിക്കാതെ സമരപ്പന്തലിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി എൽപി സ്കൂൾ ടീച്ചർ (LPST) റാങ്ക് ഹോൾഡേഴ്സ്. മുൻപ് നൽകിയ വാഗ്ദാനങ്ങൾ ഉത്തരവുകളാക്കി തിരുത്തുന്നത് വരെ പ്രതിഷേധം തുടരുമെന്ന് സമരസമിതി നേതാക്കളായ വളർമതി അടക്കമുള്ള ഉദ്യോഗാർഥികൾ വ്യക്തമാക്കി.
സമരം നൂറിലധികം ദിവസങ്ങൾ പിന്നിട്ടിട്ടും സർക്കാർ പ്രതികരണത്തിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് പ്രതിഷേധത്തിന്റെ രൂപം മാറിയത്. കഴിഞ്ഞ ദിവസം ഓൾ കേരള എൽപിഎസ് ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എസ്. വളർമതി തല മുണ്ഡനം ചെയ്താണ് സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചത്. തുടർന്ന് അനിശ്ചിതകാല നിരാഹാര സമരത്തിലേക്കും ഉദ്യോഗാർഥികൾ കടന്നിരിക്കുകയാണ്.
നേരത്തെ സർക്കാരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ലഭിച്ച ഉറപ്പുകൾ ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. സ്‌കൂളുകളിൽ വിദ്യാർത്ഥി-അധ്യാപക അനുപാതം കൃത്യമായി പുനർനിർണ്ണയിച്ച് ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്നതാണ് ഉദ്യോഗാർഥികളുടെ പ്രധാന ആവശ്യം. എന്നാൽ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഒഴിവുകൾ നികത്തുന്നത് നീട്ടിക്കൊണ്ടുപോകുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തുന്നു.
കഠിനാധ്വാനം ചെയ്ത് പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും മാന്യമായ തൊഴിൽ ലഭിക്കാതെ തെരുവിൽ കിടക്കേണ്ടി വരുന്നത് വലിയ അനീതിയാണെന്ന് പ്രതിഷേധക്കാർ പറയുന്നു. നീതി ലഭിക്കും വരെയും ആവശ്യങ്ങൾ സർക്കാർ ഉത്തരവുകളായി നടപ്പിലാക്കും വരെയും സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരസമിതി ഉദ്യോഗാർഥികൾ.