കേരളത്തിന്റെ സാംസ്കാരിക രംഗത്ത് അരനൂറ്റാണ്ടിലേറെക്കാലം നിറഞ്ഞുനിന്ന പ്രമുഖ കലാസംഘാടകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തിക്ക് ഇന്ന് നാട് വിട നൽകും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ച ശേഷം ഇന്ന് വൈകീട്ട് 6.45-ന് തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്കരിക്കുന്നത്.
അൻപതോളം വർഷമായി മലയാളക്കരയുടെ കലാജീവിതത്തിന് നേതൃത്വം നൽകിയ സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകനാണ് വിടവാങ്ങിയ സൂര്യ കൃഷ്ണമൂർത്തി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാംസ്കാരികമേളകളിലൊന്നായ ‘സൂര്യ ഫെസ്റ്റിവലിന്റെ’ ശിൽപ്പിയെന്ന നിലയിൽ അദ്ദേഹം ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയങ്കരനായിമാറി. ഈ വർഷത്തെ സൂര്യ മേളയുടെ 49-ാമത് എഡിഷൻ ഒക്ടോബർ ഒന്നിന് ആരംഭിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.
ഐ.എസ്.ആർ.ഒയിൽ ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് കലയോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം പൂർണ്ണസമയ കലാപ്രവർത്തകനായി മാറുകയായിരുന്നു. ശാസ്ത്രത്തിന്റെ കൃത്യതയും കലയുടെ സർഗാത്മകതയും ഒ്ന്നിച്ചുകൊണ്ടുപോയ അദ്ദേഹം മലയാള നാടകവേദിക്ക് നിരവധി പുതിയ കാഴ്ചകളും ശബ്ദ-വെളിച്ച വിന്യാസങ്ങളും സമ്മാനിച്ചു. ‘മേൽവിലാസം’ ഉൾപ്പെടെയുള്ള പ്രശസ്ത നാടകങ്ങളുടെ രചയിതാവുകൂടിയാണ് അദ്ദേഹം. സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന ‘കേരള പ്രഭ’ പുരസ്കാരവും തമിഴ്നാട് സർക്കാരിന്റെ ‘കലൈമാമണി’ ബഹുമതിയും അദ്ദേഹം നേടിയിട്ടുണ്ട്.
ഇന്ന് രാവിലെ 8 മണി മുതൽ വൈകീട്ട് 4 മണി വരെ തിരുവനന്തപുരം ഗണേശം ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. സാംസ്കാരിക കേരളത്തിന്റെ സർഗാത്മകതയ്ക്ക് കരുത്ത് പകർന്ന പ്രിയ കലാകാരന് അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ എത്തിച്ചേരും. അദ്ദേഹത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തുടങ്ങി ഒട്ടനവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.