സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തിലും തുടർച്ചയായ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാലും ഇടുക്കി ജില്ലയിലെ മലയോര മേഖലകളിൽ കര്‍ശന രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തി. ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ മഴയുടെ തീവ്രത കുറയുന്നത് വരെ വൈകീട്ട് 7 മുതല്‍ രാവിലെ 6 മണിവരെയാണ് യാത്രകള്‍ക്ക് ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇടുക്കി ജില്ലയിലെ പ്രധാന മലയോര പാതകളിലും അപകട സാധ്യതയുള്ള റൂട്ടുകളിലുമാണ് ഈ നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്.
കാലാവസ്ഥാ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ജില്ലയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിര്‍ത്തിവെക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. ജില്ലയില്‍ ഓറഞ്ച് അലർട്ട് തുടരുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊച്ചി – ധനുഷ്കോടി ദേശീയപാതയിലും മൂന്നാര്‍ മേഖലയിലും ഗതാഗത തടസ്സങ്ങളും മരം വീഴുന്ന സംഭവങ്ങളും ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ പഴയ മൂന്നാറില്‍ നിന്നും വാഹനങ്ങള്‍ സുരക്ഷിതമായി വഴിതിരിച്ചുവിട്ടാണ് കടത്തിവിടുന്നത്. അടിമാലി പഴമ്പള്ളിച്ചാൽ ഉള്‍പ്പെടെയുള്ള ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ രാത്രികാലങ്ങളിൽ മലയോര മേഖലകളിലൂടെയുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടറും പോലീസും പൊതുജനങ്ങളോട് ശക്തമായി അഭ്യർത്ഥിച്ചിട്ടുണ്ട്.