Blog Post

Karanavars > News > crime > മെസ്സിയുടെ സന്ദർശനത്തിന്റെ മറവിൽ തട്ടിപ്പ്; കൊച്ചി സ്റ്റേഡിയം നവീകരണത്തിൽ ജിഎസ്ടി വിഭാഗം കണ്ടെത്തിയത് കോടിയുടെ പൊരുത്തക്കേടുകൾ

മെസ്സിയുടെ സന്ദർശനത്തിന്റെ മറവിൽ തട്ടിപ്പ്; കൊച്ചി സ്റ്റേഡിയം നവീകരണത്തിൽ ജിഎസ്ടി വിഭാഗം കണ്ടെത്തിയത് കോടിയുടെ പൊരുത്തക്കേടുകൾ

ലയണൽ മെസ്സിയുടെ പേരിലുളള കേരള സന്ദർശന വിവാദത്തിൽ നിർണായക വിവരങ്ങളാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട സാമ്പത്തിക കണക്കുകളിൽ വലിയ പൊരുത്തക്കേടുകളാണ് ജിഎസ്ടി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) കണ്ടെത്തിയിരിക്കുന്നത്. സ്റ്റേഡിയം നവീകരണത്തിനായി 70 കോടി രൂപ ചെലവഴിച്ചു എന്നായിരുന്നു റിട്ടേർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അവകാശവാദം. എന്നാൽ ജിസിഡിഎ (GCDA) എൻജിനീയറിങ് വിഭാഗത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം യഥാർത്ഥ ചെലവ് വെറും 8.42 കോടി രൂപ മാത്രമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

കമ്പനി അവകാശപ്പെട്ട തുകയും യഥാർത്ഥത്തിൽ ചെലവായ തുകയും തമ്മിൽ ഇത്രയധികം വ്യത്യാസം വന്നത് വൻ വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന സംശയത്തിന് ആക്കം കൂട്ടുന്നു. മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ടീമിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ചായിരുന്നു സ്റ്റേഡിയം നവീകരണം നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഈ വാഗ്ദാനങ്ങളും സന്ദർശനവും യാഥാർത്ഥ്യമാകാതെ വന്നതോടെയാണ് സംഭവത്തിൽ ദുരൂഹതയേറിയതും സർക്കാർതല അന്വേഷണത്തിലേക്ക് കാര്യങ്ങൾ എത്തിയതും.

കമ്പനിയുടെ വിദേശ ഇടപാടുകളിലും നികുതി വെട്ടിപ്പുകളിലും അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കോടികളുടെ നികുതി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഡിയം നവീകരണത്തിന്റെ പേരിൽ പെരുപ്പിച്ചുകാട്ടിയ കണക്കുകളും അനധികൃത പണമിടപാടുകളും കേന്ദ്ര ഏജൻസികളുടെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും കനത്ത നിരീക്ഷണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ഉദ്യോഗസ്ഥരുടെയും പ്രമുഖരുടെയും പങ്ക് വ്യക്തമാകുമെന്നാണ് സൂചന.

Leave a comment

Your email address will not be published. Required fields are marked *