ചെങ്കോട്ട ഭീകരാക്രമണക്കേസിൽ പ്രതികൾ നിർണായക ബോംബ് നിർമ്മാണ വിദ്യകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്ലാറ്റ്ഫോമുകൾ വഴി പഠിച്ചെടുത്തതായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). ഇന്നലെ ഡൽഹിയിലെ പ്രത്യേക എൻ.ഐ.എ കോടതി കേസിന്റെ കുറ്റപത്രം പരിഗണിച്ചതോടെയാണ് സാങ്കേതികവിദ്യയുടെ ദുരുപയോഗം സംബന്ധിച്ച ഈ വിവരങ്ങൾ പുറത്തുവന്നത്.
കഴിഞ്ഞ വർഷം നവംബറിൽ ഡൽഹിയെ നടുക്കിയ സ്ഫോടനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച 7,500 പേജുള്ള കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. അൽ-ഖ്വെയ്ദ ബന്ധമുള്ള അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് (AGuH) എന്ന ഭീകര സംഘടനയുടെ ഗൂഢാലോചനയാണ് ഇതിലൂടെ എൻ.ഐ.എ പുറത്തുകൊണ്ടുവന്നത്. കേസിലെ പ്രധാന പ്രതിയായ ജാസിർ ബിലാൽ വാനി റോക്കറ്റ് രൂപത്തിലുള്ള ഐ.ഇ.ഡി (IED) ബോംബുകൾ നിർമ്മിക്കാൻ ചാറ്റ്ജിപിടിയും (ChatGPT) യൂട്യൂബും ദുരുപയോഗം ചെയ്തു. സാങ്കേതികമായി രാസവസ്തുക്കളുടെ കൃത്യമായ അളവുകളും കൂട്ടുകളും ഇയാൾ എഐ ടൂളുകളിലൂടെയാണ് പഠിച്ചെടുത്തത്.
ഇതിനുപുറമേ, ബോംബിന്റെ ട്രിഗറിങ് ഉപകരണങ്ങളും സെൻസറുകളും ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിലൂടെയാണ് സംഘം വരുത്തിയത്. മറ്റൊരു പ്രതിയായ ഡോ. ഉമർ ഉൻ നബിയുടെ സാമ്പത്തിക സഹായത്തോടെയാണ് ഇതിനാവശ്യമായ സാധനങ്ങൾ ഓർഡർ ചെയ്തത്. തുടർന്ന് ജമ്മു കശ്മീരിലെ കാട്ടുപ്രദേശങ്ങളിൽ വെച്ച് ഈ ഐ.ഇ.ഡികൾ ഇവർ പരീക്ഷിച്ചു നോക്കുകയും ചെയ്തിരുന്നു. ഉന്നത വിദ്യാഭ്യാസം നേടിയ ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘം, ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഭീകരവാദത്തിനായി ദുരുപയോഗം ചെയ്തത് രാജ്യസുരക്ഷയ്ക്ക് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.