Blog Post

Karanavars > News > crime > സിഎംആർഎൽ-എക്‌സാലോജിക് കേസ് : വീണ വിജയനെതിരെ പുതിയ കേസെടുക്കാൻ ഇഡി ശുപാർശ; വീണ്ടും ചോദ്യംചെയ്യൽ ഉണ്ടായേക്കും

സിഎംആർഎൽ-എക്‌സാലോജിക് കേസ് : വീണ വിജയനെതിരെ പുതിയ കേസെടുക്കാൻ ഇഡി ശുപാർശ; വീണ്ടും ചോദ്യംചെയ്യൽ ഉണ്ടായേക്കും

രാഷ്ട്രീയ രംഗത്ത് വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടികൾ കടുപ്പിക്കുന്നു. കേസിൽ കൂടുതൽ നിയമനടപടികളുടെ ഭാഗമായി പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി. ഇതിന്റെ ഭാഗമായി ഇന്നലെ കേരള സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി) ഇഡി ഔദ്യോഗികമായി കത്തുകൾ അയക്കുകയും വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകൻ പി.എ. മുഹമ്മദ് റിയാസ് എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ അഴിനിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഇഡിയുടെ പ്രധാന ആവശ്യം. എക്സാലോജിക് കമ്പനി വഴി സേവനങ്ങളൊന്നും നൽകാതെ 2.78 കോടി രൂപ കൈപ്പറ്റിയെന്നും, ഇതിനുപുറമെ കോടികളുടെ കള്ളപ്പണ ഇടപാടുകളും ദുബായ് വഴിയുള്ള ഫണ്ട് കൈമാറ്റങ്ങളും നടന്നിട്ടുണ്ടെന്നുമാണ് കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ.

ഇതുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യം ചെയ്യലിന് ഹാജരായ ടി. വീണയെ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളും കൈയക്ഷര രേഖകളും അടിസ്ഥാനമാക്കി അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാനാണ് ഇഡി ലക്ഷ്യമിടുന്നത്. അതേസമയം, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്നും നിയമപരമായും രാഷ്ട്രീയമായും ഇത് നേരിടുമെന്നും സി.പി.എം നേതൃത്വവും കുടുംബവും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ സംസ്ഥാന പോലീസ് മേധാവി തുടർനടപടികൾ സ്വീകരിക്കുന്നതോടെ രാഷ്ട്രീയ രംഗത്ത് വലിയ പ്രകമ്പനങ്ങൾക്കാണ് കളമൊരുങ്ങിയിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *