കൊച്ചിയിൽ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട 10 ലക്ഷം രൂപയുടെ കൈക്കൂലിക്കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ച മുൻ ഡെപ്യൂട്ടി കളക്ടർ എൻ.കെ. കൃപയെ വിജിലൻസ് അറസ്റ്റ് ചെയ്തു. എറണാകുളം കടവന്ത്ര സ്വദേശിയാണ് 59 കാരനായ പ്രതി. സംസ്ഥാനത്ത് വിജിലൻസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ‘പ്രോജക്ട് സീറോ’ ദൗത്യത്തിന്റെ ഭാഗമായാണ് ഈ നടപടി.
കലൂർ സ്വദേശിയായ പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള കൃഷിഭൂമി പുരയിടമാക്കി തരംമാറ്റി നൽകുന്നതിനായി കണയന്നൂർ ഭൂരേഖ തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടീസ് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. ഈ അഴിമതി ഇടപാടിൽ ഉദ്യോഗസ്ഥർക്ക് പുറമെ സജീവമായ ഇടനിലക്കാരനായി പ്രവർത്തിച്ചത് റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടറായ എൻ.കെ. കൃപയാണെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ വിജിലൻസ് കണ്ടെത്തുകയായിരുന്നു.
താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് റവന്യൂ ഉദ്യോഗസ്ഥരും ഏജൻറുമാരും ഉൾപ്പെട്ട വലിയൊരു അഴിമതി ശൃംഖലയാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ പരാതികളും രേഖകളും ചമച്ച് ജനങ്ങളെ വഞ്ചിക്കുന്ന ഇത്തരം ഇടപാടുകൾക്കെതിരെ ശക്തമായ നടപടികളാണ് വിജിലൻസ് സ്വീകരിച്ചുവരുന്നത്. അറസ്റ്റിലായ പ്രതിയെ വിശദമായ ചോദ്യം ചെയ്യലുകൾക്ക് ശേഷം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു. ഭൂമി തരംമാറ്റങ്ങൾക്കായുള്ള സർക്കാർ സേവനങ്ങൾ സുതാര്യമാക്കാൻ ലക്ഷ്യമിട്ടുള്ള വിജിലൻസിന്റെ പുതിയ നീക്കങ്ങൾ റവന്യൂ വകുപ്പിൽ വലിയ ചർച്ചയായിട്ടുണ്ട്.