ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്കയുടെ വൈസ് പ്രസിഡന്റായ എറിൻ പിയാസെന്റി കൊല്ലപ്പെട്ടു. 32 കാരിയായ എറിൻ പിയാസെന്റിക്ക് നേരെ തിങ്കളാഴ്ച ഉച്ചയോടെയാണ് യാതൊരു പ്രകോപനവുമില്ലാതെ ആക്രമണമുണ്ടായത്.
നഗരഹൃദയത്തിൽ നടന്ന ഈ അക്രമപരമ്പരയിൽ ക്വീൻസ് സ്വദേശിനിയായ പമേല സിസ്നെറോസ് എന്ന 49 കാരിയാണ് രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ചത്. സബ്വേ സ്റ്റേഷന് സമീപത്തുനിന്ന 68 വയസ്സുകാരനായ മറ്റൊരു വ്യക്തിക്കും ഈ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കയ്യിൽ വലിയ രണ്ട് കിച്ചൻ കത്തികളുമായി എത്തിയ പ്രതി, യാതൊരു മുന്നറിയിപ്പും കൂടാതെ ആളുകളെ ആക്രമിക്കുകയായിരുന്നുവെന്ന് ന്യൂയോർക്ക് സിറ്റി പൊലീസ് കമ്മീഷണർ ജെസ്സിക്ക ടിഷ് വ്യക്തമാക്കി.
സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ ആയുധം താഴെയിടാൻ ആവശ്യപ്പെട്ടെങ്കിലും പ്രതി അനുസരിക്കാൻ തയ്യാറായില്ല. തുടർന്ന് ടേസർ ഗൺ ഉപയോഗിച്ച് കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇവർ പൊലീസിന് നേരെ അടുക്കുകയായിരുന്നു. ജീവനുകൾക്ക് ഭീഷണിയായതോടെ പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പിൽ പ്രതിയായ പമേല സിസ്നെറോസ് കൊല്ലപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എറിൻ പിയാസെന്റിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് സാധിച്ചില്ല.
കൊല്ലപ്പെട്ട എറിൻ പിയാസെന്റിയുടെ വിയോഗത്തിൽ ബാങ്ക് ഓഫ് അമേരിക്ക അധികൃതരും നഗരവാസികളും കടുത്ത ഞെട്ടലിലാണ്. പ്രകോപനരഹിതമായ ഈ കൊലപാതകം നഗരത്തിൽ വലിയ സുരക്ഷാ ആശങ്കകളാണ് ഉയർത്തിയിരിക്കുന്നത്. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണ് പ്രതിയെന്നും മുൻപും ഇവർ പൊലീസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.