Blog Post

Karanavars > News > International > ഫിഫ-യുവേഫ പോരിന് പുതിയ വഴിത്തിരിവ്; സൂപ്പര്‍ കപ്പ് കിരീടപ്പോരില്‍ പിഎസ്‌ജി-ആസ്റ്റന്‍ വില്ല പോരാട്ടം നിയന്ത്രിക്കാന്‍ സൊമാലിയന്‍ റഫറി ഒമര്‍ അര്‍ത്താന്‍

ഫിഫ-യുവേഫ പോരിന് പുതിയ വഴിത്തിരിവ്; സൂപ്പര്‍ കപ്പ് കിരീടപ്പോരില്‍ പിഎസ്‌ജി-ആസ്റ്റന്‍ വില്ല പോരാട്ടം നിയന്ത്രിക്കാന്‍ സൊമാലിയന്‍ റഫറി ഒമര്‍ അര്‍ത്താന്‍

യൂറോപ്യന്‍ ഫുട്‌ബോളില്‍ വന്‍ ചര്‍ച്ചയായ ഫിഫ – യുവേഫ അധികാര വടംവലികൾക്കിടയിൽ യുവേഫ സൂപ്പര്‍ കപ്പ് പോരാട്ടത്തിന് ഇന്ന് അരങ്ങേറുന്നു. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പാരീസ് സെന്റ് ജെർമെനും (പി.എസ്‌.ജി) യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ആസ്റ്റന്‍ വില്ലയും തമ്മിലുള്ള സ്വപ്‌നതുല്യമായ കിരീടപ്പോരാട്ടത്തിനാണ് ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗ് വേദിയാകുന്നത്. മത്സരത്തിന്റെ ചൂടേറുന്നതിനിടയിലും ഫുട്‌ബോള്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിക്കുന്നത് കളി നിയന്ത്രിക്കാനെത്തുന്ന സൊമാലിയന്‍ റഫറി ഒമര്‍ അര്‍ത്താനാണ്.

യൂറോപ്യന്‍ ഇതര രാജ്യത്തുനിന്നും യുവേഫ സൂപ്പർ കപ്പ് മത്സരം നിയന്ത്രിക്കുന്ന ആദ്യ റഫറി എന്ന ചരിത്ര നേട്ടമാണ് 34 കാരനായ ഒമര്‍ അര്‍ത്താന്‍ ഈ മത്സരത്തിലൂടെ സ്വന്തമാക്കുന്നത്. അടുത്തിടെ അമേരിക്കയില്‍ നടന്ന ഫിഫ ലോകകപ്പില്‍ റഫറിയിങ് പാനലില്‍ ഇടംനേടിയിരുന്നെങ്കിലും, യു.എസിലേക്കുള്ള പ്രവേശന വിലക്ക് മൂലം അദ്ദേഹത്തിന് ആ വേദി നഷ്ടമായിരുന്നു. സൊമാലിയയില്‍ നിന്നുള്ള യാത്രാവിലക്കുകളും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് എന്‍ട്രി നിഷേധിക്കപ്പെട്ടത് വലിയ വിവാദങ്ങള്‍ക്കും കായിക ലോകത്തിന്റെ പ്രതിഷേധത്തിനും കാരണമായിരുന്നു.

ഈ തിരിച്ചടിക്ക് പിന്നാലെയാണ് യുവേഫയുടെ ഭാഗത്തുനിന്നും അര്‍ത്താന് വലിയൊരു അംഗീകാരം തേടിയെത്തിയത്. യുവേഫയും ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും (സി.എ.എഫ്) തമ്മിലുള്ള സഹകരണ കരാറിന്റെ ഭാഗമായാണ് അര്‍ത്താന് ഈ ചരിത്രപരമായ ചുമതല നല്‍കിയത്. ഫിഫയുമായുള്ള നിലവിലെ ഭരണപരമായ അഭിപ്രായവ്യത്യാസങ്ങളുടെ പശ്ചാത്തലത്തില്‍ യുവേഫയുടെ ഈ തീരുമാനം ഫുട്‌ബോള്‍ ലോകത്ത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിട്ടുണ്ട്.

തനിക്ക് നേരിടേണ്ടിവന്ന പ്രയാസകരമായ സാഹചര്യങ്ങളെ അതിജീവിച്ച് യൂറോപ്യന്‍ ഫുട്‌ബോളിന്റെ വലിയൊരു വേദിയിലേക്ക് എത്തുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഒമര്‍ അര്‍ത്താന്‍ പ്രതികരിച്ചു. പ്രതിസന്ധികളെ തോല്‍പ്പിച്ച് യൂറോപ്പിലെത്തിയിരിക്കുന്ന ഒമര്‍ അര്‍ത്താന്റെ സാന്നിധ്യം ഫിഫ-യുവേഫ തര്‍ക്കങ്ങള്‍ക്കിടയില്‍ പി.എസ്‌.ജി – ആസ്റ്റന്‍ വില്ല പോരാട്ടത്തിന് കൗതുകം ഇരട്ടയാക്കുകയാണ്. മത്സരത്തിനായി ഇരുടീമുകളും കനത്ത തയ്യാറെടുപ്പിലാണ്.

Leave a comment

Your email address will not be published. Required fields are marked *