ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശന വാഗ്ദാനവുമായി ബന്ധപ്പെട്ട് വൻ അഴിമതിയും ഗുരുതര ചട്ടലംഘനങ്ങളും നടന്നതായി സ്ഥിരീകരിക്കുന്ന രഹസ്യ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. ഇന്നലെ പുറത്തുവന്ന കായിക വകുപ്പിന്റെ കണ്ടെത്തലുകൾ പ്രകാരം, മുൻ മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിലാണ് മുഴുവൻ ആശയവിനിമയങ്ങളും നടപടികളും നടന്നിട്ടുള്ളത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മെസിയെ കേരളത്തിൽ എത്തിക്കുമെന്ന അവകാശവാദവുമായി മുന്നോട്ടുപോയ മുൻ മന്ത്രി, ഔദ്യോഗിക നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. സ്പെയിനിൽ നടത്തിയ സന്ദർശന വേളയിൽ അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (AFA) ഔദ്യോഗിക ക്ഷണറോ കരാറോ ലഭിച്ചിരുന്നില്ല. വെറുമൊരു ആശംസാ കത്ത് മാത്രമാണ് സന്ദർശന അനുമതിയായി വ്യാഖ്യാനിക്കപ്പെട്ടത്.
ടെൻഡർ നടപടികളോ കൃത്യമായ കരാറുകളോ ഇല്ലാതെ ‘ഗോട്ട് ആൻഡ് ഗ്ലോബൽ’ എന്ന സ്പോൺസർ കമ്പനിയെ തിരഞ്ഞെടുത്തതിലും കായിക വകുപ്പിന്റെ ഫയലുകളിൽ വൻ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. സ്പോൺസർ ചെയ്ത പ്രൈവറ്റ് ചാനലിന്റെ ബ്രോഡ്കാസ്റ്റിംഗ് കമ്പനി വഴി അഡ്വാൻസ് തുകയായി 126 കോടി രൂപ കൈമാറിയതിനും മതിയായ രേഖകളോ കൃത്യമായ സർക്കാർ അനുമതികളോ ഇല്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന്, കായിക വകുപ്പ് തയ്യാറാക്കിയ രഹസ്യ റിപ്പോർട്ട് കൂടുതൽ തുടർനടപടികൾക്കായി ധന, നിയമ വകുപ്പുകൾക്കും സർക്കാരിനും കൈമാറിയിരിക്കുകയാണ്. എന്നാൽ എല്ലാ നടപടികളും ചട്ടപ്രകാരമാണ് നടന്നതെന്നും സർക്കാരിന് യാതൊരു സാമ്പത്തിക നഷ്ടവും വന്നിട്ടില്ലെന്നുമാണ് മുൻ മന്ത്രി വി. അബ്ദുറഹിമാന്റെ നിലപാട്. ഫുട്ബോൾ പ്രേമികളെ തെറ്റിദ്ധരിപ്പിച്ച ഈ വിവാദത്തിൽ സമഗ്രമായ ഉന്നതതല അന്വേഷണത്തിന് ഒരുങ്ങുകയാണ് സർക്കാർ.