Blog Post

Karanavars > News > International >  അജിന്‍ക്യ രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

 അജിന്‍ക്യ രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിശ്വസ്തനായ മുന്‍ ബാറ്ററും ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനുമായിരുന്ന അജിന്‍ക്യ രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോ സന്ദേശത്തിലൂടെയാണ് 38-കാരനായ താരം തന്റെ പടിയിറക്കം ഔദ്യോഗികമായി അറിയിച്ചത്.

ഇന്ത്യക്കായി ഒട്ടനവധി ചരിത്രനേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് അജിന്‍ക്യ രഹാനെ. ഇന്ത്യക്ക് വേണ്ടി 85 ടെസ്റ്റ് മത്സരങ്ങള്‍, 90 ഏകദിനങ്ങള്‍, 20 ടി20 മത്സരങ്ങള്‍ എന്നിവ കളിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം 12 സെഞ്ച്വറികള്‍ അടക്കം 5,077 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. വിദേശ പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നെടുംതൂണായിരുന്ന അദ്ദേഹം, പല പ്രതിസന്ധി ഘടങ്ങളിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

ഏറ്റവും ശ്രദ്ധേയമായത് 2020-21 ലെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയാണ്. അഡ്ലെയ്ഡിലെ ദയനീയ തോല്‍വിക്കും വിരാട് കോഹ്‌ലിയുടെ അഭാവത്തിനും ശേഷം ക്യാപ്റ്റന്റെ ചുമതലയേറ്റെടുത്ത രഹാനെ, കരുത്തരായ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയെ 2-1ന് ചരിത്രപരമായ പരമ്പര വിജത്തിലേക്ക് നയിച്ചു. കൂടാതെ, 2021, 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകളിലും താരം നിര്‍ണായക ഇന്നിങ്സുകൾ കാഴ്ചവെച്ചിരുന്നു.

2023 ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പോര്‍ട്ട് ഓഫ് സ്പെയിനില്‍ നടന്ന ടെസ്റ്റ് മത്സരമാണ് അദ്ദേഹം അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും സജീവമായിരുന്ന താരം, ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ തന്റെ സുവർണ അധ്യായത്തിന് ഔദ്യോഗികമായി തിരശ്ശീലയിട്ടിരിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *