ഡൽഹിയിൽ നടന്ന പ്രതിഷേധ സമരത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിൻ്റെ മാതാവിനെയും അധിക്ഷേപിക്കുന്ന രീതിയിൽ പരാമർശം നടത്തിയെന്ന പരാതിയിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ പൊലീസ് കേസെടുത്തു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യാ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് സൈബർ പൊലീസ് കേസ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ന്യൂഡൽഹിയിലെ ജന്തർമന്തറിൽ നടന്ന സിജെപി (CJP) പ്രതിഷേധ പരിപാടിക്ക് പിന്തുണയുമായി എത്തിയതായിരുന്നു ജാൻമണി ദാസ്. അവിടെവെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിക്കെതിരെയുള്ള വിവാദ പരാമർശങ്ങൾ ഉണ്ടായത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ബിജെപിയും മഹിളാ മോർച്ചയും കടുത്ത പ്രതിഷേധവുമായി രംഗത്തുവരികയും ജാൻമണിക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നൽകുകയുമായിരുന്നു.
സംഭവം വലിയ വിവാദമായതിനെ തുടർന്ന് ജാൻമണി ദാസ് ഇൻസ്റ്റഗ്രാമിൽ വീഡിയോയിലൂടെ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല സംസാരിച്ചതെന്നും, തനിക്ക് മലയാളം സംസാരിക്കുന്നതിൽ വന്ന ഭാഷാപരമായ പരിമിതികൾ കൊണ്ടാണ് അബദ്ധം സംഭവിച്ചതെന്നുമായിരുന്നു ജാൻമണിയുടെ വിശദീകരണം. ഒരു പ്രസ്താവന നടത്തുന്നതിന് മുൻപ് കാര്യങ്ങൾ പരിശോധിക്കേണ്ടതായിരുന്നുവെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും അവർ അഭ്യർത്ഥിച്ചിരുന്നു. കൂടാതെ, പരാമർശത്തിന് പിന്നാലെ കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും തനിക്ക് നിരവധി ഭീഷണി കോളുകൾ ലഭിച്ചതായും അവർ വെളിപ്പെടുത്തി.
എങ്കിലും, ജാൻമണിയുടെ ഖേദപ്രകടനം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് മഹിളാ മോർച്ച നേതൃത്വം. ഗുരുതരമായ അധിക്ഷേപം നടത്തിയ ശേഷം വെറുതെ മാപ്പ് പറഞ്ഞാൽ പ്രശ്നം അവസാനിക്കില്ലെന്നും, സംസ്ഥാനത്തുടനീളമുള്ള വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാനമായ പരാതികൾ നൽകുമെന്നും മഹിളാ മോർച്ച അറിയിച്ചു. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.