ഡൽഹിയിൽ നടന്ന സി.ജെ.പി (CJP) പ്രതിഷേധവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കെതിരെ ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് നടത്തിയ വിവാദ പരാമർശങ്ങളിൽ നിലപാട് വ്യക്തമാക്കി ആർ.എസ്.എസ് രംഗത്തെത്തി. ടി.ജി. മോഹൻദാസ് നടത്തിയ പ്രസ്താവനകൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്നും, സംഘടനയ്ക്ക് അതിലൊരു പങ്കുമില്ലെന്നും ആർ.എസ്.എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാർ വ്യക്തമാക്കി.
സംഘടനയുടെ ഔദ്യോഗിക പദവികളിലൊന്നും ടി.ജി. മോഹൻദാസ് ഇല്ലെന്നും, അദ്ദേഹത്തിന്റെ പ്രസ്താവനകളെ അങ്ങേയറ്റം അപലപനീയമെന്ന് വിശേഷിപ്പിക്കുന്നതായും കെ.ബി. ശ്രീകുമാർ പ്രസ്താവനയിൽ അറിയിച്ചു. അത്തരം നിലപാടുകളോട് ആർ.എസ്.എസിന് യോജിപ്പില്ലെന്നും സംഘടന വ്യക്തമാക്കുന്നു.
ഡൽഹി ജന്തർമന്തറിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കെതിരെ ടി.ജി. മോഹൻദാസ് യൂട്യൂബ് ചാനലിലൂടെ നടത്തിയ പരാമർശങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. സമരക്കാർക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങളും അക്രമണോത്സുകമായ പരാമർശങ്ങളുമാണ് അദ്ദേഹം നടത്തിയത്.
ഈ വിവാദ പരാമർശങ്ങൾക്കെതിരെ വിവിധ രാഷ്ട്രീയ യുവജന സംഘടനകൾ പൊലീസിൽ പരാതി നൽകുകയും വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ വിശദീകരണവുമായി ആർ.എസ്.എസ് നേതൃത്വം നേരിട്ട് രംഗത്തെത്തിയത്. ടി.ജി. മോഹൻദാസിന്റെ പ്രസ്താവന തികച്ചും വ്യക്തിപരമാണെന്ന് നേതൃത്വം വ്യക്തമാക്കിയതോടെ വിവാദത്തിൽ പുതിയ വഴിത്തിരിവായിരിക്കുകയാണ്.