നീറ്റ് (NEET-UG) പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത കോക്ക്റോച്ച് ജനതാ പാർട്ടി (CJP) പ്രവർത്തകർക്ക് ആശ്വാസമായി അസം, ബിഹാർ സർക്കാരുകളുടെ സുപ്രധാന തീരുമാനം. CJP മുഖ്യ വക്താവ് സൗരവ് ദാസ് , ആഷുതോഷ് രങ്ക തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ എടുത്ത എല്ലാ പൊലീസ് കേസുകളും പിൻവലിക്കുമെന്ന് ഇരു സംസ്ഥാനങ്ങളും ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ദേശീയതലത്തിൽ വലിയ ചർച്ചയായ നീറ്റ് പരീക്ഷാ വിവാദങ്ങൾക്കും ചോദ്യ ചോർച്ചയ്ക്കുമെതിരെയായിരുന്നു CJP പ്രതിഷേധം സംഘടിപ്പിച്ചത്. സമരവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തകർക്ക് നേരെ വ്യാപകമായ പൊലീസ് നടപടികളും അറസ്റ്റുകളും ഉണ്ടായിരുന്നു. ഇതിനെതിരെ CJP നേതൃത്വം കടുത്ത പ്രതിഷേധം ഉയർത്തുകയും കേന്ദ്ര സർക്കാരുമായി ഉണ്ടാക്കിയ ധാരണകൾ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സമരം വീണ്ടും ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിഹാറും അസമും കേസ് പിൻവലിക്കുന്നതായി അറിയിപ്പ് പുറത്തിറക്കിയത്.
ജൂലൈ 26-ന് വൈകുന്നേരം 6 മണിക്ക് മുമ്പ് രജിസ്റ്റർ ചെയ്ത എല്ലാ എഫ്.ഐ.ആറുകളും നിയമപരമായ നടപടികളിലൂടെ എത്രയും പെട്ടെന്ന് ഒഴിവാക്കുമെന്ന് അസം ഹോം ആൻഡ് പൊളിറ്റിക്കൽ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. സമരവുമായി ബന്ധപ്പെട്ട് അസമിൽ 5 കേസുകൾ രജിസ്റ്റർ ചെയ്യുകയും 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസിൽ ഉൾപ്പെട്ട മുഴുവൻ പേരെയും മോചിപ്പിക്കുമെന്നും ഇനി ഇവർക്കെതിരെ യാതൊരുവിധ പ്രതികാര നടപടികളും ഉണ്ടാകില്ലെന്നും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.
സമാനമായ രീതിയിൽ ബിഹാർ സർക്കാരും പ്രതിഷേധക്കാർക്ക് പൂർണ്ണമായ നിയമപരമായ ഇളവ് പ്രഖ്യാപിച്ചു. ബിഹാറിലെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തുകൊണ്ട് അറസ്റ്റിലായവരെ വേഗത്തിൽ വിട്ടയക്കുമെന്നും സമരക്കാർക്കെതിരെയുള്ള എല്ലാ ക്രിമിനൽ നടപടികളും അവസാനിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരുകൾ എടുത്ത ഈ നിലപാട് സമരക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.