വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച മൈക്രോ പ്ലാൻ ഫണ്ട് വിതരണം വേഗത്തിലാക്കാൻ തീരുമാനം. ദുരന്തബാധിതർക്കായി പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപ അർഹരായ എല്ലാ കുടുംബങ്ങൾക്കും ഉറപ്പായും നൽകുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. ഫണ്ട് വൈകുന്നതിനെതിരെ ദുരന്തബാധിതർ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്നാണ് സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ടത്.
സ്വയംതൊഴിലും ഉപജീവന മാർഗങ്ങളും കണ്ടെത്തുന്നതിനാണ് മൈക്രോ പ്ലാൻ പദ്ധതി വഴി സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പലർക്കും വ്യത്യസ്ത തുകകളാണ് ലഭിച്ചതെന്ന പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഏകീകൃത രീതിയിൽ എല്ലാവർക്കും രണ്ടു ലക്ഷം രൂപ വീതം നൽകാൻ തീരുമാനിച്ചത്. ഇതുവരെ വിവിധ പദ്ധതികളുടെ ഭാഗമായി 290 കുടുംബങ്ങൾക്കായി 4.14 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന തുക കൂടി നൽകുന്നതിനായി ആകെ ഒമ്പത് കോടി രൂപയാണ് ആവശ്യമുള്ളത്.
പരാതികൾ ഗൗരവമായി കാണുന്നതായും ഒരാഴ്ചയ്ക്കകം ഫണ്ട് അക്കൗണ്ടുകളിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയാണ് അടിയന്തര നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. കൂടാതെ, ധനസഹായം ബാങ്കിലെത്തിയിട്ടും പണയപ്പെടുത്തിയ സ്വർം തിരികെ ലഭിക്കാത്തതുൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ബാങ്ക് പ്രതിനിധികളുടെ പ്രത്യേക യോഗം വിളിക്കാനും കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പദ്ധതികൾ സുഗമമാക്കുന്നതിന് ദുരന്തബാധിതർ മൈക്രോ പ്ലാനുകൾ സമയബന്ധിതമായി സമർപ്പിക്കണമെന്നും സർക്കാർ എല്ലാ ആവശ്യങ്ങളും വലിയ ഉത്തരവാദിത്തത്തോടെയാണ് നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.