ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തിവരുന്ന പ്രതിഷേധ സമരത്തിന് പിന്തുണയുമായി പ്രമുഖ ഗായകൻ അരിജീത് സിങ് രംഗത്ത്. പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ലാത്തിച്ചാർജിനും എതിരെ രൂക്ഷമായ പ്രതികരണവുമായി ഗായകൻ സോഷ്യൽ മീഡിയയിൽ എത്തിയത് വലിയ ചർച്ചയായിരിക്കുകയാണ്.
വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ചുകൊണ്ട് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പുകൾ വലിയ തോതിൽ ശ്രദ്ധ നേടി. “വിദ്യാർത്ഥികളെയാണ് നിങ്ങൾ മർദ്ദിക്കുന്നത്, നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ?” എന്ന് ചോദിച്ച അദ്ദേഹം, അധികാരികളെ വിമർശിച്ചുകൊണ്ട് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. “എല്ലാവരും ഓർമ്മിക്കും, മാറ്റം മാത്രമാണ് ഇവിടെ സ്ഥിരമായിട്ടുള്ളത്” എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അരിജീത് സിംഗിന്റെ ഈ നിലപാടിനെതിരെ ചില ആരാധകർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിന് ശക്തമായ മറുപടിയാണ് ഗായകൻ നൽകിയത്. തന്റെ പാട്ടുകളുടെ പ്ലേലിസ്റ്റ് ഡിലീറ്റ് ചെയ്യാനോ തന്നെ മറക്കാനോ ആരാധകർക്ക് സ്വാതന്ത്ര്യമുണ്ടെന്നും, എന്നാൽ അതൊന്നും തന്റെ രാഷ്ട്രീയ നിലപാടിനെയോ അഭിപ്രായത്തെയോ ഒരിക്കലും മാറ്റില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച നിലപാട്.
രാജ്യവ്യാപകമായി ചർച്ചയാകുന്ന ഈ സമരത്തിന് സിനിമാമേഖലയിൽ നിന്നും പ്രമുഖരിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.