പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് പാക് അധിനിവേശ കശ്മീരിന്റെ (പി.ഒ.കെ) പ്രധാനമന്ത്രിയാകാൻ താൽപ്പര്യം പ്രകടിപ്പിച്ചു. മുസഫറാബാദിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് പാക്കിസ്ഥാൻ മുസ്ലിം ലീഗ്-എൻ (പി.എം.എൽ-എൻ) അധ്യക്ഷനായ അദ്ദേഹം ഈ ആഗ്രഹം തുറന്നുപറഞ്ഞത്. പ്രദേശത്ത് നിലവിലുള്ള രാഷ്ട്രീയ അസ്ഥിരതയ്ക്കും പ്രതിഷേധങ്ങൾക്കുമിടെയാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
പാക് അധിനിവേശ കശ്മീരിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നവാസ് ഷരീഫ് ഈ പ്രഖ്യാപനം നടത്തിയത്. തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ, പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കുന്നതിനായി പ്രധാനമന്ത്രിയായ തന്റെ സഹോദരൻ ഷെഹ്ബാസ് ഷരീഫിനോട് താൻ ഈ പദവി ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാക് അധീന കശ്മീർ തനിക്ക് സ്വന്തം സംസ്ഥാനമായ പഞ്ചാബിനെപ്പോലെ പ്രിയപ്പെട്ടതാണെന്നും അതൊരു ‘രണ്ടാം വീട്’ ആണെന്നും നവാസ് ഷരീഫ് വിശേഷിപ്പിച്ചു. തന്റെ പൂർവികർ കശ്മീരിൽ നിന്നുള്ളവരാണെന്നും അതിനാൽ ഈ പ്രദേശത്തോട് വൈകാരികമായ അടുപ്പമുണ്ടെന്നും അദ്ദേഹം റാലിയിൽ ഓർമ്മിപ്പിച്ചു. നിലവിൽ പാകിസ്ഥാൻ കേന്ദ്ര സർക്കാരിലെ സഖ്യകക്ഷികളായ പി.എം.എൽ-എനും പി.പി.പിയും തമ്മിലാണ് പി.ഒ.കെ തിരഞ്ഞെടുപ്പിൽ പ്രധാനമായും മത്സരിക്കുന്നത്.