Blog Post

Karanavars > News > Court > നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി നാളെ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി നാളെ

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ചെന്താമരയ്ക്കുള്ള (ചെന്താമരാക്ഷൻ) ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ശിക്ഷാവിധിയുമായി ബന്ധപ്പെട്ട വാദങ്ങൾ പൂർത്തിയായ സാഹചര്യത്തിലാണ് കോടതി വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്.

2025 ജനുവരി 27-നായിരുന്നു നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. അയൽവാസികളായ സുധാകരനെയും (55) മാതാവ് ലക്ഷ്മിയെയും (75) ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുധാകരനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ ലക്ഷ്മിയെയും പ്രതി ക്രൂരമായി വെട്ടുകയായിരുന്നു. സുധാകരൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി ചികിത്സയിലിരിക്കെയാണ് മരിച്ചത്.

പ്രതി ചെന്താമര ജാമ്യത്തിൽ ഇറങ്ങിയിരുന്ന സമയത്താണ് ഈ കൊലപാതകം നടത്തിയത്. 2019-ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കോടതി നേരത്തെ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും ഇരട്ടക്കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം വനമേഖലയിലേക്ക് കടന്ന പ്രതിയെ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ പൊലീസ് പിടികൂടുകയായിരുന്നു.

ഏറെ ചർച്ച ചെയ്യപ്പെട്ട കേസിൽ 132 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. ശാസ്ത്രീയ തെളിവുകളും ഫോറൻസിക് പരിശോധനാഫലങ്ങളും ഉൾപ്പെടെ ശക്തമായ തെളിവുകളാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയത്. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബവും പ്രോസിക്യൂഷനും ആവശ്യപ്പെടുന്നത്. കോടതിയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഘട്ടത്തിൽ, “തന്നെ വധശിക്ഷയ്ക്ക് വിധിച്ചോളൂ” എന്ന് പ്രതി കോടതിയിൽ വെല്ലുവിളി സ്വരത്തിൽ പറഞ്ഞിരുന്നു. പ്രതിക്ക് സമൂഹത്തിന് തുടർന്നും ഭീഷണിയാണെന്നും അതിനാൽ കടുത്ത ശിക്ഷ തന്നെ വേണമെന്നും ഡിസ്ട്രിക്ട് പ്രൊബേഷൻ ഓഫീസറും കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *