പത്തനംതിട്ട കോന്നിയിൽ 13 വയസ്സുകാരി നൽകിയ വ്യാജ പീഡന പരാതിയുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത 20 വയസ്സുകാരൻ വീണ്ടും ആശുപത്രിയിൽ ചികിത്സ തേടി. ഹൃദ്രോഗിയായ യുവാവിന് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കസ്റ്റഡിയിലിരിക്കെ പോലീസ് ക്രൂരമായി മർദ്ദിച്ചുവെന്ന് യുവാവ് വെളിപ്പെടുത്തി. ഹൃദയസംബന്ധമായ അസുഖമുള്ള ആളാണെന്ന് പലതവണ പറഞ്ഞിട്ടും പോലീസ് ചെവിക്കൊണ്ടില്ലെന്നും, ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടുകയും ചൂരൽ കൊണ്ട് കാൽപാദത്തിൽ അടിക്കുകയും ചെയ്തെന്നും ഇദ്ദേഹം ആരോപിക്കുന്നു. ശാരീരികമായി അവശനായിട്ടും കുറ്റം സമ്മതിപ്പിക്കാനായി പോലീസ് മർദ്ദനം തുടരുകയായിരുന്നു. ഈ വിഷയത്തിൽ യുവാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി താൻ പീഡനത്തിന് ഇരയായതായി വെളിപ്പെടുത്തിയത്. തുടർന്ന് പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ആറുപേരെ കസ്റ്റഡിയിൽ എടുക്കുകയും രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, വൈദ്യപരിശോധനയിൽ പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമായതോടെ പെൺകുട്ടി മൊഴി മാറ്റുകയായിരുന്നു. പ്രണയ നൈരാശ്യമാണ് ഇത്തരമൊരു വ്യാജ പരാതിക്ക് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നിരപരാധികളെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച പോലീസിന്റെ നടപടിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് യുവാവും കുടുംബവും. പെൺകുട്ടി ഇത്തരമൊരു ഗുരുതരമായ ആരോപണം ഉന്നയിക്കാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ചും, പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.