സിയാറ്റിൽ സ്റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയോട് 3-1 എന്ന സ്കോറിന് പരാജയപ്പെട്ടതോടെ ഖത്തറിന്റെ 2026 ഫിഫ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിച്ചു. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ വിജയം അനിവാര്യമായിരുന്ന ഖത്തറിന്, മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ബോസ്നിയയുടെ കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
മത്സരത്തിന്റെ 29-ാം മിനിറ്റിൽ കെരിം അലാജ്‌ബെഗോവിച്ചിലൂടെ ബോസ്നിയയാണ് ആദ്യം ലീഡ് നേടിയത്. 34-ാം മിനിറ്റിൽ ഖത്തർ താരം സുൽത്താൻ അൽ-ബ്രേക്കിന്റെ പിഴവിൽ നിന്ന് ഒരു സെൽഫ് ഗോൾ കൂടി പിറന്നതോടെ ബോസ്നിയ 2-0ന് മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഹസ്സൻ അൽ-ഹയ്ദോസിലൂടെ ഖത്തർ ഒരു ഗോൾ മടക്കി പ്രതീക്ഷകൾ നിലനിർത്തി. എന്നാൽ, രണ്ടാം പകുതിയിൽ പൊരുതിക്കയറാൻ ശ്രമിച്ച ഖത്തറിനെ ഞെട്ടിച്ചുകൊണ്ട് 80-ാം മിനിറ്റിൽ എർമിൻ മാഹ്മിച്ച് ബോസ്നിയയുടെ മൂന്നാം ഗോളും നേടി.
ഈ തോൽവിയോടെ ഗ്രൂപ്പ് ബിയിൽ ഒരു പോയിന്റുമായി ഖത്തർ ലോകകപ്പിൽ നിന്ന് പുറത്തായി. ബോസ്നിയയാകട്ടെ, ഈ വിജയത്തോടെ നാല് പോയിന്റുമായി ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് നോക്കൗട്ട് സ്റ്റേജിലേക്ക് പ്രവേശിക്കാനുള്ള തൊട്ടടുത്താണുള്ളത്.
തഹ്സീന് അവസരം നിഷേധിക്കപ്പെട്ടു
ഖത്തർ ടീമിന്റെ സ്ക്വാഡിൽ ഉണ്ടായിരുന്നിട്ടും തഹ്സീൻ ജംഷീദിന് നിർണായകമായ ഈ മത്സരത്തിൽ പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചില്ല. മത്സരത്തിൽ തന്ത്രപരമായ പല മാറ്റങ്ങളും കോച്ച് ജൂലൻ ലോപെറ്റെഗുയി വരുത്തിയെങ്കിലും, തഹ്സീനെ കളത്തിലിറക്കാൻ അദ്ദേഹം തയ്യാറായില്ല. ടീം പ്രതിരോധത്തിലായ സമയത്തും പുതിയൊരു ആക്രമണ തന്ത്രം എന്ന നിലയിൽ തഹ്സീനെ പരിഗണിക്കാതിരുന്നത് ആരാധകരിൽ വലിയ നിരാശയുണ്ടാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ പുറത്താവലിന് പിന്നാലെ ടീം മാനേജ്മെന്റിന്റെ ഈ തീരുമാനവും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമാണ് ഖത്തറിന് നേടാനായത്. മുൻ ഏഷ്യൻ കപ്പ് ജേതാക്കൾ എന്ന നിലയിൽ വലിയ പ്രതീക്ഷകളുമായാണ് ഖത്തർ ഈ ലോകകപ്പിനെത്തിയതെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകേണ്ടി വന്നത് ടീമിന് വലിയ തിരിച്ചടിയാണ്.