ബസ് ചാര്‍ജ് വര്‍ധന ഉത്തരവ് വേഗത്തിലിറക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവിനെ കണ്ടു.
വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തണമെന്നും അവര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മന്ത്രിക്ക് അവര്‍ നിവേദനം നല്‍കി. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കായാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പിന്നീടുന്ന ഓരോ കിലോമീറ്ററിനും 1 രൂപ വര്‍ധിപ്പിക്കാനും തീരുമാനിച്ചു. എന്നാല്‍ വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. കണ്‍സഷന്‍ മാറ്റത്തെ കുറിച്ച് ശാസ്ത്രീയായി പഠിക്കാന്‍ കമ്മീഷനെ നിയമിക്കും. പുതുക്കിയ യാത്രാനിരക്ക് അപര്യാപ്തമാണെന്ന് ബസുടമകള്‍ നേരത്തെ പ്രതികരിച്ചിരുന്നു. നിലവില്‍ പ്രഖ്യാപിച്ച ഓട്ടോ നിരക്കുവര്‍ധന തൊഴിലാളികള്‍ക്ക് ഗുണം ചെയ്യില്ലെന്ന് സി.ഐ.ടി.യു നേതാക്കളും പ്രതികരിച്ചു.
മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 12 രൂപയാക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ബസുടമകള്‍ സംസ്ഥാനത്ത് നാലുദിവസം സ്വകാര്യബസ് സമരവും നടത്തിയിരുന്നു. രാമചന്ദ്രന്‍ കമ്മിറ്റി ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഗതാഗത വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. മിനിമം ചാര്‍ജ് പത്ത് രൂപയാക്കാമെന്നാണ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശിപാര്‍ശ. കിലോമീറ്റര്‍ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ഥികളുടെ നിരക്ക് ആറ് രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ബസുടമകള്‍ മുന്നോട്ട് വെച്ചിരുന്നു.
ബസ് ചാര്‍ജ് വര്‍ധനയ്ക്കൊപ്പം ഓട്ടോ, ടാക്സി നിരക്കും കൂട്ടി. ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയാക്കി. 2 കിലോമീറ്ററിനാണ് 30 രൂപ. പിന്നീടുള്ള നിരക്ക് 15 രൂപയാണ്.ടാക്സി മിനിമം ചാര്‍ജ് 200 രൂപയാക്കി. 5 കിലോമീറ്ററിനാണ് ഈ നിരക്ക്. നേരത്തെ 175 രൂപയായിരുന്നു. കിലോമീറ്റര്‍ നിരക്ക് 17 രൂപയില്‍ നിന്ന് 20 രൂപയാക്കും. 1500 സിസിക്ക് മുകളില്‍ 200ല്‍ നിന്ന് 225 രൂപയാക്കി.