കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാമാധവനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. എട്ടാംപ്രതി ദിലീപിനെ രണ്ട് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കാവ്യാമാധവനും ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ആലപ്പുഴ സ്വദേശി സാഗര്‍ വിന്‍സന്റ് മൊഴി മാറ്റിയതിന് പിന്നില്‍ കാവ്യയ്ക്ക് പങ്കുണ്ട്. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു സാഗര്‍. നടിയെ അക്രമിച്ച കേസിലെ നാലാം പ്രതി വിജീഷ് സംഭവത്തിന് ശേഷം സ്ഥാപനത്തിലെത്തി ദിലീപോ കാവ്യയോ മറ്റു ബന്ധുക്കളോ അവിടെയുണ്ടോയെന്ന് അന്വേഷിച്ചെന്നും ആരുമില്ലെന്ന് പറഞ്ഞപ്പോള്‍ തിരിച്ചു പോയെന്നും സാഗര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്കിയപ്പോള് ഇക്കാര്യം പറഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സാക്ഷിയെ സ്വാധീനിച്ചതായി കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചോദ്യം ചെയ്യലില്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് താന്‍ തന്നെയാണെന്ന് ദിലീപ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ശബ്ദസാമ്ബിളുകളില്‍ രണ്ടെണ്ണം മാത്രമാണ് തന്റേതെന്നും ദിലീപ് പറഞ്ഞു. സംവിധായകന് ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തിയാണ് ദിലീപിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അറിയില്ലെന്നും നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യം കണ്ടിട്ടില്ലെന്നുമുള്ള മൊഴിയെ തുടര്‍ന്നാണ് ദിലീപിനെ ബാലചന്ദ്രകുമാറിനൊപ്പമിരുത്തി ചോദ്യം ചെയ്തത്.
രണ്ട് ദിവസമായി 16.5 മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. അടുത്തമാസം 16ന് തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നതിന് മുമ്ബ് ദിലീപിനെ വീണ്ടും വിളിപ്പിച്ചേക്കും. അതേസമയം, വധ ഗൂഢാലോചന കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും.