തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സ്ഥാനാര്‍ഥികളുടേയും സ്വത്ത് വിവരങ്ങള്‍ പുറത്ത്.പണത്തിന്റേയും ഭൂ സ്വത്തിന്റേയും കാര്യത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജെബി മേത്തര്‍ ഏറെ മുന്നിലാണ്. ജെബി മേത്തര്‍ക്ക് 11.14 കോടിയുടെ കാര്‍ഷിക, കാര്‍ഷികേതര ഭൂസ്വത്തുകളാണ് രേഖകളിലുള്ളത്. 87,03,200 രൂപയുടെ ആഭരണങ്ങളും 1,54,292 രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയും 75 ലക്ഷം രൂപ വിലയുള്ള വീടും ജെബിയുടെ പേരിലുണ്ട്. കൈവശമുള്ളത് പതിനായിരം രൂപയാണ്. 46.16 ലക്ഷത്തിന്റെ ബാധ്യതയുണ്ടെന്നും ജെബി സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. ഭര്‍ത്താവിന്റെ പേരില്‍ 41 ലക്ഷം വിലയുള്ള മെഴ്സിഡസ് ബെന്‍സ് കാറും ഇടപ്പള്ളി ധനലക്ഷ്മി ബേങ്കില്‍ 23.56 ലക്ഷവും ബ്രോഡ് വേയിലെ ഫെഡറല്‍ ബേങ്കില്‍ 12,570 രൂപയുമുണ്ട്. ഒരു കേസു പോലും ജെബിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സി പി എം സ്ഥാനാര്‍ത്ഥി എഎ റഹീമിന് സ്വന്തമായുള്ളത് 26,304 രൂപയുടെ ആസ്തിയാണ്. ഭാര്യയുടെ പേരില്‍ 4.5 ലക്ഷം രൂപ വിലമതിക്കുന്ന കൃഷിഭൂമിയും ആറ് ലക്ഷം വിലയുള്ള വാഹനവും 70,000 രൂപയുടെ ആഭരണങ്ങളുമുണ്ട്. 37 ക്രിമിനല്‍ കേസുകള്‍ റഹീമിന്റെ പേരിലുണ്ട്.
സി പി ഐ സ്ഥാനാര്‍ഥി പി സന്തോഷ് കുമാറിന്റെ കൈവശം 10,000 രൂപയും 10 ലക്ഷം രൂപ വിലവരുന്ന കൃഷിഭൂമിയും സ്വന്തം പേരിലുണ്ട്. ഭാര്യയുടെ കൈവശം 15,000 രൂപയും നാല് ലക്ഷത്തിന്റെ ആഭരണങ്ങളും നാല് ലക്ഷത്തിന്റെ കൃഷിഭൂമിയുമുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭാര്യയുടെ പേരില്‍ 8.5 സെന്റ്് ഭൂമിയും വീടുമുണ്ടെന്ന് രേഖകളില്‍ പറയുന്നു. സന്തോഷിന് രണ്ട് ലക്ഷത്തിന്റെയും ഭാര്യക്ക് 19 ലക്ഷത്തിന്റെയും ബാധ്യതയുണ്ടെന്നും രേഖകളില്‍ പറയുന്നു.