തിരുവനന്തപുരം: ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയില്‍ ഭാവനയെ ക്ഷണിക്കുക എന്നത് തന്റെ സ്വന്തം തീരുമാനമായിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്.
മാധ്യമങ്ങളുടെ ശ്രദ്ധ പ്രശ്നമാകുമെന്ന് കരുതിയാണ് വിവരം രഹസ്യമാക്കി വച്ചത്. ഇതൊക്കെ സ്വാഭാവികമായി ചെയ്ത കാര്യമാണ്. ബാഹ്യപ്രവര്‍ത്തനങ്ങള് ഒന്നും തന്നെയില്ല. ബീനാ പോള്‍ മുതലുള്ള സഹപ്രവര്‍ത്തകരുടെയും പിന്തുണ ഇതിലുണ്ട്. മോശമായി ചിന്തിക്കാത്ത കാര്യങ്ങളെ ആ രീതിയിലാക്കി അവതരിപ്പിക്കുന്നത് ചില മനസ്സുകളുടെ പ്രശ്നമാണ്. അതൊന്നും എന്നെ ഭയപ്പെടുത്തുന്ന കാര്യമല്ല. സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായൊന്നും ഉണ്ടാകില്ല. മുഖ്യമന്ത്രിയോട് ഭാവന വരുന്നകാര്യം ഇന്നലെ ഓഫീസില്‍പോയി പറഞ്ഞിരുന്നതായും രഞ്ജിത് പറഞ്ഞു.
വനിതകളുടെ അതിജീവനത്തിന്റെ പ്രതീകം കൂടിയായിരുന്നു ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങ്. മുഖ്യമന്ത്രിക്ക് ഒപ്പം തിരിതെളിക്കാന്‍ എത്തിയ നടി ഭാവനയെ സദസ്സ് കരഘോഷത്തോടെയാണു സ്വീകരിച്ചത്. നിറഞ്ഞ സദസ്സില്‍ ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ടെന്നും സിനിമയില്‍ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.