കഴക്കൂട്ടം: ടെക്നോപാര്ക്കിനടുത്ത് ഫ്ലാറ്റില്‍ വന്‍ ലഹരി വേട്ട. ഹഷീഷ് ഓയിലും എം.ഡി.എം.എയും എക്സൈസ് സംഘം പിടിച്ചെടുത്തു.
കുളത്തൂര്‍ കല്ലിംഗല്‍ ഹരി നിവാസില്‍ അരുണ്‍ ദാസിനെ (35) അറസ്റ്റ് ചെയ്തു. സംഘത്തിലെ പ്രധാന പ്രതി അന്‍സില്‍ എക്സൈസ് സംഘത്തെക്കണ്ട് ഓടി രക്ഷപ്പെട്ടു.
ലഹരിക്കടത്തില്‍ കോഴിക്കോട് പിടിയിലായ പ്രതിയില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മാരക ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. നെതര്ലാന്ഡ്സില്നിന്നെത്തിച്ച പാര്‍സലിലാണ് ലഹരി കടത്തിയത്. ഒരു മാസം ഒന്നിലേറെ തവണയാണ് പാര്‍സല്‍ എത്തിച്ചിരുന്നത്. എട്ടുമാസമായി പാര്‍സല്‍ വരുത്തുകയായിരുന്നു.
ടെക്നോപാര്‍ക്കിലും വിവിധ ഫ്ലാറ്റുകളിലും ചില്ലറ വില്പന നടത്തിവരികയായിരുന്നു സംഘം. ലഹരിക്കടത്തും വില്പനയും നടത്തുന്ന സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കഴക്കൂട്ടം എക്സൈസ് ഇന്‍സ്പെക്ടര്‍ എ. മുഹമ്മദ് റാഫി പറഞ്ഞു.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്യാംകുമാര്‍, പ്രിവന്റിവ് ഓഫിസര്‍ ബി. സന്തോഷ് കുമാര്‍ ദേവലാല്‍, സി.ഇ.ഒമാരായ രാകേഷ്, റഹീം, ഹരികൃഷ്ണന്, ഡ്രൈവര്‍ കബിരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.